പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും

പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നലെ ഇരുസഭകളും സ്‌തംഭിച്ചു
പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം/ പിടിഐ
പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം/ പിടിഐ

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നും മുടങ്ങിയേക്കുമെന്നാണ് സൂചന. രാവിലെ 11 മണിക്കാണ് സഭ ചേരുക. രാഹുലിന്റെ മാപ്പാവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിയുന്നത്. 

ഇന്നലെ അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളം തുടർന്നതിനാൽ പാർലമെന്റിന്റെ ഇരു സഭകളും സ്‌തംഭിച്ചു. ലോക്‌സഭയും രാജ്യസഭയും സമ്മേളനം ആരംഭിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ബഹളം തുടങ്ങിയതോടെ അധ്യക്ഷൻമാർ രണ്ടു മണി വരെ സഭകൾ നിർത്തിവച്ചു. രണ്ടു മണിക്ക് ബഹളം തുടർന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേത് പോലെ പാർലമെന്ററി സമിതികളുടെ അടക്കം റിപ്പോർട്ടുകൾ സഭയിൽ വച്ച ശേഷമാണ് പിരിഞ്ഞത്.

അതേസമയം ലോക്‌സഭയിൽ ബഹളത്തിനിടെ കോസ്റ്റൽ അക്വാ കൾച്ചർ അതോറിട്ടി ഭേദഗതി ബിൽ അവതരിപ്പിച്ചു. 2016ൽ അമ്രേലിയിലെ ബിജെപി എംപി ബിക്കാഭായ് കച്ചാഡിയയെ മൂന്നുവർഷം തടവിന് ശിക്ഷിച്ചിട്ടും ലോക്‌‌സഭാംഗത്വം റദ്ദാക്കാതിരുന്ന നടപടി ചൂണ്ടിക്കാട്ടി ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അനാവശ്യ ധൃതി കാട്ടിയതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

ഇന്നലെ രാജ്യസഭയിൽ രാഹുലിന്റെ അയോഗ്യത ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ കൊണ്ടുവന്ന ക്രമപ്രശ്‌നം രാജ്യസഭാ അധ്യക്ഷൻ ജഗ്‌ദീപ് ധൻകർ തള്ളിയതിലും കോൺഗ്രസ് പ്രതിഷേധിച്ചു. സഭാ അധ്യക്ഷൻമാർ ഭരണപക്ഷത്തോട് കൂറു കാണിക്കുന്നത് നീതിയാണോ എന്ന് കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയ്‌റാം രമേശ് ചോദിച്ചു.

രാഹുൽ ലോക്‌സഭാംഗമാണെന്നും രാജ്യസഭയിൽ വിഷയം ഉന്നയിക്കാനാകില്ലെന്നുമായിരുന്നു അധ്യക്ഷന്റെ ന്യായം. എന്നാൽ രാഹുൽ മാപ്പു പറയണമെന്ന് രാജ്യസഭാംഗമായ പിയൂഷ് ഗോയൽ ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com