സ്വന്തം സര്‍ക്കാരിന് എതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് സച്ചിന്‍ പൈലറ്റ്; രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പുതിയ നീക്കം

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരം
രാഹുല്‍ ഗാന്ധിക്കും അശോക് ഗെഹ്‌ലോട്ടിനുമൊപ്പം സച്ചിന്‍ പൈലറ്റ്/ ഫയല്‍
രാഹുല്‍ ഗാന്ധിക്കും അശോക് ഗെഹ്‌ലോട്ടിനുമൊപ്പം സച്ചിന്‍ പൈലറ്റ്/ ഫയല്‍

ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരം. മുന്‍ ബിജെപി സര്‍ക്കാരിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് സച്ചിന്‍ പൈലറ്റ് നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 

നിയമസഭതെരഞ്ഞെടുപ്പ് അടുക്കെയുള്ള സ്വന്തം സര്‍ക്കാരിന് എതിരെയുള്ള സച്ചിന്റെ നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി എഐസിസി അംഗം സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ ഇന്നോ നാളെയോ രാജസ്ഥാനിലെത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സമരം പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സച്ചിന്‍ പറഞ്ഞു. എക്‌സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം തുടങ്ങിയവ തടയുന്നതില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വസുന്ധരെ രാജയ്‌ക്കെതിരേ അശോക് ഗെഹ്ലോട്ട് നടത്തിയ അഴിമതി ആരോപണങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ച സച്ചിന്‍ പൈലറ്റ്, എന്തുകൊണ്ടാണ് ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്നില്ല എന്നും ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കൈയില്‍ ഇതിന് ആവശ്യമായി തെളിവുകളുണ്ട്.  എന്നാല്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇത് നമ്മുടെ സര്‍ക്കാരാണ്. നമ്മളെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള വിശ്വാസ്യത തുടര്‍ന്നും ഉണ്ടാകൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പിലാക്കാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കില്ല. അഴിമതി ആരോപണങ്ങളില്‍ തെളിവുകളുണ്ട്, അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണം. ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നമ്മള്‍ ഉത്തരം പറയേണ്ടതുണ്ട്' സച്ചിന്‍ പൈലറ്റ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com