ഡല്‍ഹിയില്‍ ഏഴ് സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്; സഖ്യം കൊണ്ട് അര്‍ത്ഥമില്ലെന്ന് എഎപി, 'ഇന്ത്യ'യില്‍ കല്ലുകടി

ഡല്‍ഹി ലോക്‌സഭ സീറ്റുകളെ ചൊല്ലി പ്രതിപക്ഷ സഖ്യമായ 'ഇന്ത്യയില്‍' കല്ലുകടി
രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍/പിടിഐ
രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍/പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹി ലോക്‌സഭ സീറ്റുകളെ ചൊല്ലി പ്രതിപക്ഷ സഖ്യമായ 'ഇന്ത്യയില്‍' കല്ലുകടി. ഏഴ് ലോക്‌സഭ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന പാര്‍ട്ടി വക്താവ് അല്‍ക ലാംബ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ എഎപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണ് അല്‍ക, ഏഴ് സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറാവാനും ബാക്കിയുള്ള ഏഴുമാസം, ഏഴു സീറ്റുകളിലും ഒരുക്കങ്ങള്‍ നടത്താനും നേതൃത്വം നിര്‍ദേശിച്ചുവെന്നും അല്‍ക്ക പറഞ്ഞു. ഇതിന് പിന്നാലെ, കോണ്‍ഗ്രസിന് എതിരെ എഎപി രംഗത്തെത്തി. 
ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെങ്കില്‍ 'ഇന്ത്യ' സംഖ്യം കൊണ്ട് യാതൊരു അര്‍ത്ഥവുമില്ലെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കാര്‍ പറഞ്ഞു. അത് സമയം വെറുതേ കളയലാണ്. പ്രതിപക്ഷകക്ഷികളുടെ വരാനിരിക്കുന്ന വിശാലയോഗത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് കേന്ദ്രനേതൃത്വം പ്രതികരിക്കുമെന്നായിരുന്നു ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജിന്റെ പ്രതികരണം.

ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന നേതൃത്വവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. നാലുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാഹുല്‍ഗാന്ധി എന്നിവര്‍ ഡല്‍ഹിയില്‍നിന്നുള്ള നേതാക്കളുമായി ആശയവിനിയമം നടത്തി. പിസിസി പ്രസിഡന്റ് അനില്‍ ചൗധരി, മുന്‍ കേന്ദ്രമന്ത്രി അജയ്മാക്കന്‍, മുതിര്‍ന്ന നേതാക്കളായ ഹാരൂണ്‍ യൂസഫ്, കൃഷ്ണ തീരഥ്, സന്ദീപ് ദീക്ഷിത് എന്നിവരടക്കമുള്ള 40ഓളം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com