'അമ്പിളിക്കലയില്‍' തിളങ്ങി ഇന്ത്യ; പുതിയ അധ്യായം രചിച്ച് ചന്ദ്രയാന്‍ മൂന്ന്

ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ തൊട്ടു
ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ മോഡ്യൂളിന്റെ ചിത്രം, എഎന്‍ഐ
ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ മോഡ്യൂളിന്റെ ചിത്രം, എഎന്‍ഐ

ബംഗളൂരു: ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ തൊട്ടു. ലാന്‍ഡറും ( വിക്രം) റോവറും (പ്രഗ്യാന്‍) ഉള്‍പ്പെടുന്ന ലാന്‍ഡിങ് മോഡ്യൂള്‍ ഇന്ന് വൈകീട്ട് 6.04ന് ആണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയത്. ഇതോടെ ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ അഭിമാന നേട്ടവുമായി പട്ടികയിൽ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന ഖ്യാതിയും ഇന്ത്യയെ തേടിയെത്തി.

ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ് സി, സിം പെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാന്‍ഡിങ് നടന്നത്. വൈകിട്ട് 5.47 മുതലാണ് ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിച്ചത്. മണിക്കൂറില്‍ 3600 കിലോമീറ്റര്‍ വേഗത്തില്‍ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോഴാണ് സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള നടപടികള്‍ ആരംഭിച്ചത്. രണ്ടു മണിക്കൂര്‍ മുന്‍പ് തന്നെ ലാന്‍ഡിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു.

 രണ്ടു ദ്രവ എന്‍ജിന്‍ 11 മിനിറ്റ് തുടര്‍ച്ചയായി ജ്വലിപ്പിച്ചാണ് റഫ് ബ്രേക്കിങ് ഘട്ടം പൂര്‍ത്തീകരിച്ചത്. ഇതോടെ  നിയന്ത്രണവിധേയമായി പേടകം 6-7 കിലോമീറ്റര്‍ അടുത്തെത്തി. തുടര്‍ന്ന് മൂന്നു മിനിറ്റുള്ള ഫൈന്‍ ബ്രേക്കിങ് ഘട്ടത്തിനൊടുവില്‍  ചരിഞ്ഞെത്തിയ പേടകത്തെ കുത്തനെയാക്കി. 800 മീറ്റര്‍ മുകളില്‍നിന്ന് അവസാനവട്ട നിരീക്ഷണം നടത്തി ലാന്‍ഡര്‍ നിശ്ചിത സ്ഥലത്തേക്ക് സോഫ്റ്റ് ലാന്‍ഡിങ്ങിന് നീങ്ങുകയായിരുന്നു. 

സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ജ്വലനംമുതലുള്ള 20 മിനിറ്റ് അത്യന്തം 'ഉദ്വേഗജനക'മായിരുന്നു. പൂര്‍ണമായും സ്വയം നിയന്ത്രിത സംവിധാനത്തിലായിരുന്നു പേടകം പ്രവര്‍ത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com