

മൂന്നാം ചന്ദ്രദൗത്യമായ ചന്ദ്രയാൻ 3ൻറെ ലാൻഡർ മൊഡ്യൂൾ ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ ഇന്നു വൈകുന്നേരം സോഫ്റ്റ് ലാൻഡ് ചെയ്യുമെന്ന ശുഭപ്രതീക്ഷയിലാണ് ജനകോടികൾ. സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ ഉപഗ്രഹമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമെന്ന പ്രതീക്ഷകൾ വാനോളമുയർന്നുകഴിഞ്ഞു. ‘ചന്ദ്രനിലേക്കുള്ള വാഹനം’ എന്നതിന്റെ സംസ്കൃത വാക്കാണ് ചന്ദ്രയാൻ. 15 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഐഎസ്ആർഒ ചന്ദ്രദൗത്യത്തിനിറങ്ങുന്നത്.
ചന്ദ്രയാൻ 1
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ 1, 2008 ഒക്ടോബർ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്നത്. ഇന്ത്യ, യുഎസ്എ, യുകെ, ജർമ്മനി, സ്വീഡൻ, ബൾഗേറിയ എന്നിവിടങ്ങളിൽ നിർമ്മിച്ച 11 ശാസ്ത്ര ഉപകരണങ്ങളുമായാണ് ചന്ദ്രയാൻ 1 വിക്ഷേപിച്ചത്. ഇതോടെ, റഷ്യ, യുഎസ്, ജപ്പാൻ, ചൈന എന്നിവയ്ക്കു ശേഷം ചന്ദ്രനിലെത്തുന്ന രാജ്യമായി ഇന്ത്യ.
ചന്ദ്രനു ചുറ്റും 3,400ലധികം തവണ ഉപഗ്രഹം വലംവച്ചു. ചന്ദ്രയാൻ 1ൽ നിന്നുള്ള വിവരങ്ങൾ അടിയസ്ഥാനമാക്കിയാണ് ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഇരുണ്ടതും തണുപ്പുള്ളതുമായ ഭാഗങ്ങളിൽ ശാസ്ത്രഞ്ജർ തണുത്തുറഞ്ഞ ജല നിക്ഷേപം കണ്ടെത്തിയത്. രണ്ട് വർഷ ദൗത്യകാലാവധി തീരും മുൻപേ 2009 ഓഗസ്റ്റ് 29നു ചന്ദ്രയാൻ 1 പ്രവർത്തനം അവസാനിപ്പിച്ചു. ചന്ദ്രയാൻ 1, 95ശതമാനം ലക്ഷ്യങ്ങളും പൂർത്തിയാക്കിയെന്നാണ് ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ അന്ന് പറഞ്ഞത്.
ചന്ദ്രനിൽ വെള്ളം
2009ൽ ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന കണ്ടെത്തൽ വളരെ പ്രധാനപ്പെട്ട നാഴികക്കല്ലായിരുന്നു. ചന്ദ്രയാൻ 1ൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ചന്ദ്രന്റെ മുകളിലെ പാളിയിൽ ജലം തങ്ങിനിൽക്കുന്നതിന്റെ മാപ്പ് ശാസ്ത്രജ്ഞർ തയ്യാറാക്കി. വെള്ളത്തിന് പുറമേ ചന്ദ്രനിൽ ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തൽ ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനയാണ്. ചന്ദ്രൻ ഒരുകാലത്ത് പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നെന്ന മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണവും ചന്ദ്രയാൻ 1 ദൗത്യത്തിന് അവകാശപ്പെടാനുണ്ട്.
ചന്ദ്രയാൻ 2
ചന്ദ്രയാൻ 1 ദൗത്യത്തിന് ശേഷം ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് ഇന്ത്യ രണ്ടാമത് ചുവടുവച്ചത്. 2019 ജൂലൈ 22നാണ് ചന്ദ്രയാൻ 2 ഭൂമിയിൽ നിന്നും കുതിച്ചുയർന്നത്. പക്ഷെ, പാതിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയതോടെ ചന്ദ്രയാൻ 2 ദൗത്യം അവസാനിപ്പിച്ചു. ലാൻഡറും റോവറും സോഫ്റ്റ് ലാൻഡിങ്ങിൽ പരാജയപ്പെട്ടെങ്കിലും അതിനുമുൻപ് ഓർബിറ്റർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞിരുന്നു. ഈ ഓർബിറ്ററും ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡറുമായി ആശയവിനിമയം സ്ഥാപിച്ചെന്ന് ഐഎസ്ആർഒ കഴിഞ്ഞ ദിവസം അറിയിച്ചു.
ചന്ദ്രയാൻ 3
മറ്റൊരു ദൗത്യത്തിനും കഴിയാതിരുന്ന ഖ്യാതി ഐഎസ്ആർഒയ്ക്കു നേടിക്കൊടുക്കാൻ ചന്ദ്രയാൻ 3 വിജയത്തിനു കഴിയുമെന്നാണ് വിലയിരുത്തലുകൾ. 1976നു ശേഷം ചൈന ഒഴികെ മറ്റൊരു രാജ്യവും ചന്ദ്രനിൽ ലാൻഡർ ഇറക്കിയിട്ടില്ല. റഷ്യ പരാജയപ്പെട്ടിടത്ത് ഇന്ത്യ വിജയിച്ചാൽ അത് വലിയ മൈലേജ് ആകുമെന്ന കാര്യത്തിൽ സംശയമില്ല.
വാനോളം പ്രതീക്ഷയുമായി ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ചന്ദ്രയാൻ 3യുടെ ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാനായി തയ്യാറെടുക്കുകയാണ്. ഇന്ന് വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ അജ്ഞാത പ്രദേശമായ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates