ഉറക്കമെഴുന്നേറ്റപ്പോള്‍ കാലില്‍ ചുറ്റിവരിഞ്ഞ് കൂറ്റന്‍ രാജവെമ്പാല, നടുങ്ങി വീട്ടുകാര്‍; മൂന്ന് മണിക്കൂര്‍ പ്രാര്‍ഥന, ഒടുവില്‍ 

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2023 09:08 AM  |  

Last Updated: 29th August 2023 09:08 AM  |   A+A-   |  

king cobra

രാജവെമ്പാല /ഫയല്‍ ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉറങ്ങി എഴുന്നേറ്റ് കാലില്‍ നോക്കുമ്പോള്‍ സ്ത്രീ ഞെട്ടി. കാലില്‍ ചുറ്റി വരിഞ്ഞിരിക്കുന്ന രാജവെമ്പാലയെ കണ്ടാണ് സ്ത്രീ പരിഭ്രാന്തിയിലായത്. എന്നാല്‍ മനസ്സാന്നിധ്യം കൈവിടാതെ, മൂന്ന് മണിക്കൂറോളം നേരം ദൈവത്തെ പ്രാര്‍ഥിച്ചതോടെ, പാമ്പ് തനിയെ കാലില്‍ നിന്ന് പിടിത്തം വിട്ട് ഇഴഞ്ഞു പുറത്തേയ്ക്ക് പോയതായി രണ്ടു മക്കളുടെ അമ്മ കൂടിയായ സ്ത്രീ പറയുന്നു.

മഹോബ ജില്ലയിലാണ് സംഭവം. കുട്ടികള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങാന്‍ കിടന്ന സ്ത്രീയുടെ കാലിലാണ് രാജവെമ്പാല ചുറ്റി വരിഞ്ഞത്. ഉറക്കമെഴുന്നേറ്റ സമയത്ത് കാലില്‍ എന്തോ പിടിച്ചുവലിക്കുന്നതായി തോന്നി. നോക്കിയപ്പോഴാണ് പാമ്പ് ചുറ്റി വരിഞ്ഞിരിക്കുന്നത് കണ്ടതെന്ന് മിത്‌ലേഷ് യാദവ് പറയുന്നു. കുട്ടികള്‍ക്കൊപ്പം അമ്മ വീട്ടിലായിരുന്നു മിത്‌ലേഷ് യാദവ്.

എന്നാല്‍ ഒച്ചവെച്ച് ബഹളം കൂട്ടി പാമ്പിനെ പ്രകോപിതനാക്കുന്നത് അപകടമാണെന്ന് മനസിലായി മിത്‌ലേഷ് യാദവ് അനങ്ങാതെ ഇരുന്നു. മനസ്സാന്നിധ്യം കൈവിടാതെ, ദൈവത്തെ പ്രാര്‍ഥിക്കാന്‍ തുടങ്ങിയതായും മിത്‌ലേഷ് യാദവ് പറയുന്നു. 

അതിനിടെ കുട്ടികളെ അരികില്‍ നിന്ന് മാറ്റാന്‍ അമ്മയോട് പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകളോളമാണ് പാമ്പ് തനിയെ പോകുന്നത് നോക്കി പ്രാര്‍ഥനാമന്ത്രം ഉരുവിട്ട് മിത്‌ലേഷ് യാദവ് ഇരുന്നത്. ശിവ ഭഗവാനെയാണ് പ്രാര്‍ഥിച്ചത്. തന്നെ ഉപദ്രവിക്കാതെ പാമ്പ് പോകണമെന്നതായിരുന്നു പ്രാര്‍ഥന. പാമ്പ് കാലില്‍ ചുറ്റി വരിഞ്ഞ സമയത്ത് ജീവന്‍ തിരിച്ചുകിട്ടുമോ എന്ന് ഭയപ്പെട്ടിരുന്നതായും മിത്‌ലേഷ് യാദവ് പറയുന്നു.

തനിക്കൊപ്പം വീട്ടുകാരും നാട്ടുകാരും പ്രാര്‍ഥനയില്‍ പങ്കുകൊണ്ടു.അതിനിടെ പൊലീസിന്റെയും പാമ്പ് പിടിത്തക്കാരുടെയും സഹായം തേടി. എന്നാല്‍ പാമ്പ് പിടിത്തക്കാരന്‍ വരുന്നതിന് മുന്‍പ് കാലില്‍ നിന്നുള്ള പിടിത്തം വിട്ട് പാമ്പ് തനിയെ ഇഴഞ്ഞ് പുറത്തേയ്ക്ക് പോയതായും കുട്ടികളുടെ അമ്മ പറയുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പാമ്പ് പിടിത്തക്കാരന്‍ രാജവെമ്പാലയെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

ബിസ്കറ്റ് പാക്കറ്റിൽ കൊറിയർ വഴി കഞ്ചാവ് കടത്ത്; 22കാരൻ പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ