

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പെയ്യുന്ന കനത്തമഴയില്‍ ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇന്നലെ രാത്രിയില്‍ പെയ്ത കനത്തമഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറിയതോടെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. വെള്ളക്കെട്ട് അനുഭവപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.
അതിനിടെ ചെന്നൈ നഗരത്തില്‍ മുതലയെ കണ്ടു എന്ന വാര്‍ത്ത ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി നഗരത്തിലെ പെരുങ്ങലത്തൂര്‍ മേഖലയിലാണ് മുതലയെ കണ്ടത്. റോഡിലേക്കിറങ്ങിയ മുതലയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. കനത്തമഴയില്‍ ചെന്നൈ നെടുങ്കുട്രം നദി കരകവിഞ്ഞതോടെയാണ് മുതല നഗരത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
മുതലയെ കണ്ടതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നത് അപകടമാണ് എന്ന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തമിഴ്‌നാട് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായും വിലക്കിയിട്ടുണ്ട്.
ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം തുടങ്ങി ആറു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വന്ദേഭാരത് അടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വ്യാസാര്‍പാടിയില്‍ റെയില്‍വേ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതോടെ ചെന്നൈ സെന്‍ട്രലിലേക്ക് വരേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി.
ഏതു സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പുതുച്ചേരിയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates