മരണമൊഴി മാത്രം വച്ച് ശിക്ഷ വിധിക്കാനാവില്ല; മൊഴി നല്‍കുന്ന അവസ്ഥ പ്രധാനമെന്ന് ഹൈക്കോടതി

മരണമൊഴി ഏതു ശാരീരിക, മാനസിക അവസ്ഥയില്‍ ആയിരുന്നു എന്നതു പ്രധാനമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പുര്‍: മരണമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കൊലപാതക കേസില്‍ ഒരാളെ കുറ്റക്കാരനായി വിധിക്കുന്നത് 'ഉചിത'മല്ലെന്ന് ഛത്തിസ്ഗഢ് ഹൈക്കോടതി. മരണമൊഴി നല്‍കുന്നതിനു തക്ക ശാരീരിക, മാനസിക അവസ്ഥയില്‍ ആയിരുന്നോ, കൃത്യത്തിന് ഇരയായ ആള്‍ എന്നതു പ്രധാനമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കെ അഗര്‍വാളും രാധാകൃഷ്ണ അഗര്‍വാളും പറഞ്ഞു.

കൊലപാതക കേസില്‍, ഇരയുടെ മരണമൊഴി അടിസ്ഥാനമാക്കി പ്രതി കുറ്റക്കാരനെന്നു വിധിച്ച സെഷന്‍സ് കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇരയായ മമതയുടെ മരണമൊഴി ഏതു ശാരീരിക, മാനസിക അവസ്ഥയില്‍ ആയിരുന്നു എന്നതു പ്രധാനമാണ്. ഇതു വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 80-90 ശതമാനം പൊള്ളലേറ്റിരുന്ന മമതക്കു വേദന സംഹാരികള്‍ നല്‍കിയിരുന്നു. ഫോര്‍ട്വിന്‍ പോലെയുള്ള വേദന സംഹാരികള്‍ മയക്കത്തിനു കാരണമാവുമെന്നു മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മരണമൊഴി പൂര്‍ണ ബോധത്താല്‍ നല്‍കിയതാണെന്ന നിഗമനത്തില്‍ എത്താനാവില്ല- കോടതി പറഞ്ഞു.

''കൃത്യത്തിന് ഇരയായ സ്ത്രീയുടെ മരണമൊഴി ശരിയാണോ? അതു സ്വമേധയാ നല്‍കിയതാണോ? സാധൂകരണത്തിനു മറ്റു തെളിവില്ലാതെ അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ശിക്ഷ വിധിക്കാനാവുമോ? മരണമൊഴിയും അവരുടെ സഹോദരന്റെ മൊഴിയും അല്ലാതെ അവ സാധൂകരിക്കുന്ന ഒരു തെളിവും ഈ കേസില്‍ ഇല്ല'- കോടതി പറഞ്ഞു.

മമതയുടെ മരണത്തില്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ഭര്‍ത്താവും സഹോദരനും നല്‍കിയ അപ്പീല്‍ ആണ് ഹൈക്കോടതി പരിഗണിച്ചത്. മമതയുടെ ശരീരത്തില്‍ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് കേസ്. 90 ശതമാനം പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മമത മൂന്നാം ദിവസം മരിച്ചു. ഇതിനിടെയാണ് അവര്‍ മരണമൊഴി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com