തരൂരോ മുല്ലപ്പള്ളിയോ?; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് റായ്പൂരില്‍ ഇന്ന് തുടക്കം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2023 06:58 AM |
Last Updated: 24th February 2023 07:08 AM | A+A A- |

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും/ ചിത്രം: ഫെയ്‌സ്ബുക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ് ഗഡിലെ റായ്പൂരില്‍ ഇന്ന് തുടക്കം. കോണ്‍ഗ്രസ് ചരിത്രത്തിലെ എണ്‍പത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പതിനയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 1338 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയവരെ സമ്മേളനം തെരഞ്ഞെടുക്കും.
പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് രാവിലെ അറിയാം. രാവിലെ 10 ന് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പ് വേണ്ട എന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. തെരഞ്ഞെടുപ്പ് നടക്കുന്നുവെങ്കില്‍ നടക്കട്ടെയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍, അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ പ്രസിഡന്റ് ഖാര്‍ഗേയെ ചുമതലപ്പെടുത്തി പ്രമേയം പാസ്സാക്കാനാണ് സാധ്യത. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍, പ്രതിപക്ഷ സഖ്യം അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ സമ്മേളനം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെടും.
വൈകീട്ട് ചേരുന്ന സബ്ജക്ട് കമ്മിറ്റി, പ്ലീനറിയില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കും. പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയ പ്രമേയമടക്കം നിര്‍ണ്ണായക പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പ്രവര്‍ത്തക സമിതി അംഗബലം കൂട്ടല്‍, സമിതികളില്‍ 50% യുവാക്കള്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണ മടക്കം നിര്‍ണ്ണായക ഭരണഘടന ഭേദഗതികള്‍ക്കും സാധ്യതയുണ്ട്.
കേരളത്തില്‍ നിന്നും നിലവില്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവരാണ് പ്രവര്‍ത്തകസമിതിയുള്ളത്. ഇതില്‍ കെസി വേണുഗോപാല്‍ തുടരും. ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒഴിഞ്ഞേക്കും. ഇവര്‍ക്ക് പകരം നിരവധി പേരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. രമേശ് ചെന്നിത്തല, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കൊടിക്കുന്നില്‍ സുരേഷും പ്രവര്‍ത്തക സമിതി അംഗത്വം ആഗ്രഹിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ