'കോണ്‍ഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം'; ഗുലാം നബിക്കൊപ്പം പോയ 17 പേര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2023 02:05 PM |
Last Updated: 06th January 2023 02:11 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന 17 നേതാക്കള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാചന്ദ്, മുന്‍ പിസിസി അധ്യക്ഷന്‍ പീര്‍ സാദാ മുഹമ്മദ് എന്നിവരടക്കം തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് താരാചന്ദ് അഭിപ്രായപ്പെട്ടു.
ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മടങ്ങിയെത്തിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചില തെറ്റിദ്ധാരണ കൊണ്ട് പാര്‍ട്ടി വിട്ടുപോയ, ജമ്മുകശ്മീരിലെ കോണ്‍ഗ്രസിന്റെ നെടുന്തൂണുകളായ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്പോള്‍, കോണ്‍ഗ്രസ് ആശയം പേറുന്ന കൂടുതല്‍ പേര്‍ എത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
മുന്‍ മന്ത്രി ഡോ. മനോഹര്‍ ലാല്‍ ശര്‍മ്മ, മുഹമ്മദ് മുസാഫര്‍ പറായ്, മൊഹീന്ദര്‍ ഭരദ്വാജ്, ഭൂഷണ്‍ ദോഗ്ര, വിനോദ് ശര്‍മ്മ, വിജയ് തര്‍ഗോത്ര തുടങ്ങി 17 നേതാക്കളാണ് കോണ്‍ഗ്രസില്‍ തിരികെയെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, രജനീ പാട്ടീല്‍, പവന്‍ ഖേര തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത് തെറ്റായ തീരുമാനമായിരുന്നു. സൗഹൃദത്തിന്റേയും അന്നത്തെ വികാരത്തിന്റെയും പുറത്തെടുത്ത തെറ്റായ തീരുമാനമാണത്. കോണ്‍ഗ്രസിന് വേണ്ടിയാണ് തന്റെ ജീവിതകാലം ചെലവഴിച്ചത്. വെറുമൊരു സാധാരണ പ്രവര്‍ത്തകനായ തന്നെ എംഎല്‍എയും, സ്പീക്കറുമൊക്കെയാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും താരാചന്ദ് പറഞ്ഞു. കോണ്‍ഗ്രസ് വിട്ട നടപടിയില്‍ മുന്‍ പിസിസി അധ്യക്ഷന്‍ പീര്‍ സാദാ മുഹമ്മദ് ക്ഷമാപണം നടത്തി.
LIVE: Congress party briefing by Shri @kcvenugopalmp, Shri @Jairam_Ramesh, Smt @rajanipatil_in and Shri @Pawankhera at AICC HQ. https://t.co/mArF4cHohQ
— Congress (@INCIndia) January 6, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ