'ഇനി ജീവിക്കുക ആറ് മാസം മാത്രം, അച്ഛനും അമ്മയും അറിയരുത്' ആറ് വയസുകാരൻ ഡോക്ടറോട്, കുറിപ്പ്

കഴിഞ്ഞ മാസം അവൻ ഈ  ലോകം വിട്ടു പോയി. ഇതോടെയാണ് ഡോക്ടർ ഈ കഥ പുറത്ത് പറയാമെന്ന് തീരുമാനിച്ചത്.
ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ/  ചിത്രം ട്വിറ്റർ
ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ/ ചിത്രം ട്വിറ്റർ

ഹൈദരാബാദ്: ഡോക്ടർ, എനിക്ക് ക്യാൻസർ ആണ്, ഇനി ആറ് മാസം മാത്രമേ ബാക്കിയുള്ളൂ, ഇത് എന്റെ അച്ഛനോടും അമ്മയോടും പറയരുത്- ആറ് വയസുകാരൻ മനുവിന്റെ ഈ ആവശ്യം എനിക്ക് പാലിക്കാനായില്ല... ഹൈദരാബാദിലെ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ ട്വിറ്ററിലൂടെ പങ്കുവെച്ച ഈ അനുഭവക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ കണ്ണീരാവുകയാണ്. കഴിഞ്ഞ മാസം മനു ഈ ലോകം വിട്ടു പോയി. ഇതോടെയാണ് ഈ കഥ സമൂഹത്തോട് പങ്കുവെക്കാൻ ഡോക്ടർ തീരുമാനിച്ചത്.

ഡോ.സുധീർ കുമാറിന്റെ കുറിപ്പ്...  

തിരക്ക് പിടിച്ച ഒരു ദിവസമാണ് മനു അച്ഛനും അമ്മയ്ക്കുമൊപ്പം എന്നെ കാണാൻ വന്നത്. കുട്ടിക്ക് ക്യാൻസർ നാലാം ഘട്ടത്തിലെത്തിയിരുന്നു. രക്ഷപെടാൻ സാധ്യത വളരെ കുറവാണ്. മസ്തിഷ്കത്തിൽ അർബുദം ബാധിച്ച മനുവിന്റെ ഒരു വശം തളർന്നിരുന്നു. വീൽച്ചെയറിലായിരുന്നു സഞ്ചാരം. കേസ് ഷീറ്റ് എല്ലാം പരിശോധിച്ച ശേഷം മനുവിന്റെ അച്ഛനോടും അമ്മയോടും വിശദമായി സംസാരിച്ചു. അവർ എന്നോട് ഒരു കാര്യം മാത്രമാണ് അപേക്ഷിച്ചത്. മനുവിനോട് രോ​ഗത്തിന്റെ വിശദാംശങ്ങൾ പറയരുത്. അവന് അത് താങ്ങാനാവില്ല.

മാതാപിതാക്കളെ മാറ്റി നിർത്തി മനുവിനോട് സംസാരിച്ചപ്പോൾ, എനിക്ക് കാര്യങ്ങളെല്ലാം അറിയാം, കംപ്യൂട്ടർ നോക്കി ഞാൻ എല്ലാം വായിച്ചിട്ടുണ്ടെന്നായിരുന്നു മനുവിന്റെ മറുപടി. പക്ഷേ ഒരു അപേക്ഷയുണ്ട്. എനിക്ക് ആറ് മാസം കൂടി മാത്രമേ ജീവിച്ചിരിക്കാൻ കഴിയൂ എന്ന കാര്യം എന്റെ അച്ഛനും അമ്മയും ഒരിക്കലും അറിയരുത്. അവർ എന്നെ ഒരുപാട് സ്നേഹിക്കുന്നു. അവർക്ക് ഇക്കാര്യം താങ്ങാനാവില്ല. എന്നാൽ മനുവിന്റെ ഈ അപേക്ഷ എനിക്ക് പാലിക്കാനായില്ല. അവനൊടൊപ്പമുള്ള ഓരോ നിമിഷവും അവർക്ക് എത്ര അമൂല്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. 

ഈ അടുത്ത ദിവസം മനുവിന്റെ അച്ഛനും അമ്മയും വീണ്ടും വന്നിരുന്നു. അപ്പോൾ കുട്ടിയുടെ കാര്യം അന്വേഷിച്ചപ്പോഴാണ് അവൻ കഴിഞ്ഞ മാസം ഈ  ലോകം വിട്ടുപോയെന്ന് അറിയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com