

ബെംഗളൂരു: മെട്രോ തൂണിന്റെ നിർമാണ പ്രവർത്തനങ്ങളും കരാറും റദ്ദാക്കുന്നത് വരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബെംഗളൂരുവിൽ മെട്രോ നിർമാണത്തിനിടെ തൂൺ തകർന്ന് വീണ് മരിച്ച സ്കൂട്ടർ യാത്രിക തേജസ്വിനിയുടെ പിതാവ് മദൻ കുമാർ. ഇത്രയും ഉയരത്തിൽ മെട്രോ തൂണുകൾ നിർമിക്കുന്നതിനുള്ള അനുമതി ആരാണ് നൽകിയതെന്നും. കരാറും കരാറുകാരന്റെ ലൈസൻസും റദ്ദാക്കി പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോടതിയെ സമീപിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. നമ്മ മെട്രോ കെആർപുരം –ബെംഗളൂരു വിമാനത്താവള പാതയ്ക്ക് സമീപം കല്യാൺനഗർ എച്ച്ബിആർ ലേയൗട്ടിൽ ഇന്നലെ രാവിലെ 10.30 നാണ് അപകടമുണ്ടായത്.
അപകടത്തിൽ ഹൊറമാവ് സ്വദേശിനി തേജസ്വിനിയും രണ്ടര വയസുകാരനായ മകൻ വിഹാനും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ലോഹിത്, വിഹാന്റെ ഇരട്ട സഹോദരി വിസ്മിത എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. തനിക്ക് എല്ലാം നഷ്ടമായി, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ലോഹിത് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് ദമ്പതികൾ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മെട്രോ തൂൺ സ്ഥാപിക്കുന്നതിന് നിർമിച്ച ഇരുമ്പ് ചട്ടക്കൂട് ഇവരുടെ സ്കൂട്ടറിനു മുകളിലേക്ക് വീഴുകയായിരുന്നു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അതേസമയം അപകടകാരണം കണ്ടെത്താനായി വിശദ പഠനം നടത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ബിഎംആർസി എംഡി അൻജൂം പർവേസ് അറിയിച്ചു. കരാറുകാരനും ബന്ധപ്പെട്ട എൻജിനീയർമാർക്കും വിശദീകരണം തേടി നോട്ടിസും അയച്ചിട്ടുണ്ട്. ഒപ്പം വകുപ്പ് തല അന്വേഷണവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഗോവിന്ദപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates