'ആശങ്ക പെരുപ്പിക്കുന്നു', സര്‍ക്കാരിന് അതൃപ്തി; ജോശിമഠിലെ ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട് പിന്‍വലിച്ചു

ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു
ജോശിമഠിലെ തകര്‍ന്ന വീടുകള്‍/ പിടിഐ
ജോശിമഠിലെ തകര്‍ന്ന വീടുകള്‍/ പിടിഐ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോശിമഠില്‍ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്നു മുന്നറിയിപ്പു നല്‍കിയ റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പിന്‍വലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍നിന്നു നീക്കിയതെന്നാണ് വിശദീകരണം. സര്‍ക്കാരിന്റെ അതൃപ്തിയെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നീക്കിയതെന്നാണ് സൂചനകള്‍. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു.

2022 ഡിസംബര്‍ 27 നും 2023 ജനുവരി എട്ടിനുമിടയില്‍ 12 ദിവസത്തിനിടെ ജോശിമഠ് 5.4 സെന്റീമീറ്റര്‍ താഴ്ന്നതായാണ് ഐഎസ്ആര്‍ഒ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഭൂമിയുടെ ഇടിഞ്ഞു താഴലിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു.

2022 ഏപ്രിലിനും നവംബറിനുമിടയില്‍ ഏഴു മാസത്തിനിടെ ഒമ്പതു സെന്റിമീറ്ററാണ് താഴ്ന്നത്. എന്നാല്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടി. പത്തുമാസങ്ങള്‍ക്കിടെ ആകെ 14.4 സെന്റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. കാര്‍ട്ടോസാറ്റ് 2 എസ് സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ജോശിമഠ് സിറ്റി ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞു താഴുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ജോശിമഠിലെ ആര്‍മി ഹെലിപ്പാഡ്, നരസിംഹ ക്ഷേത്രം എന്നിവയെല്ലാം അപകടമേഖലയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജോശിമഠ് ഔലി റോഡും തകരുമെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ടൗണിലും സമീപപ്രദേശങ്ങളിലെയും റോഡുകളിലും പ്രത്യക്ഷപ്പെട്ട വിള്ളലുകളെ കുറിച്ച് ശാസ്ത്രജ്ഞര്‍ ഇപ്പോഴും പഠനം തുടരുകയാണ്. ഐഎസ്ആര്‍ഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റുന്നതിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍  വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com