'എനിക്ക് നിങ്ങളുടെ റൈഡ് വേണ്ട', നിരസിച്ചിട്ടും പിന്നാലെ കൂടി; ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ കാറില്‍ വലിച്ചിഴച്ച സംഭവം; വീഡിയോ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2023 12:40 PM  |  

Last Updated: 27th January 2023 05:19 PM  |   A+A-   |  

cctv_delhi

വീഡിയോ ദൃശ്യം

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെ മദ്യലഹരിയിലായ കാര്‍ ഡ്രൈവര്‍ അപമാനിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ പുലര്‍ച്ചെ ഡല്‍ഹി എയിംസ് ആശുപത്രി പരിസരത്തുവച്ചായിരുന്നു ഇവര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവം നടന്ന് 22 മിനിറ്റിനുള്ളില്‍ ഡല്‍ഹി പൊലീസ് ഹരീഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു.

പുലര്‍ച്ചെ യുവതിയെ കണ്ട് കാര്‍ നിര്‍ത്തിയ ഡ്രൈവര്‍ ഇവര്‍ക്ക് യാത്ര വാഗ്ദാനം ചെയ്യുമ്പോള്‍  മലിവാള്‍ യാത്ര നിരസിക്കുന്നത് വീഡിയോയില്‍ കാണാം. 'നിങ്ങള്‍ എന്നെ എവിടെ ഇറക്കും?. എനിക്ക് വീട്ടിലേക്ക് പോകണം. തന്റെ ബന്ധുക്കള്‍ വഴിയിലാണ്'-  സ്വാതി ഡ്രൈവറോട് പറയുന്നതും കേള്‍ക്കാം. അതുകേട്ട് ദേഷ്യത്തോടെ വണ്ടിയോടിച്ച് പോയ ഡ്രൈവര്‍ യൂ ടേണ്‍ എടുത്ത് മടങ്ങിയെത്തിയതായി സ്വാതി പറയുന്നു.

'എന്നെ എവിടെയാണ് ഇറക്കാന്‍ ഉദ്ദേശിക്കുന്നത്?. നിങ്ങള്‍ വരുന്നത് ഇത് രണ്ടാം തവണയാണ്. എനിക്ക് നിങ്ങളുടെ റൈഡ് ആവശ്യമില്ല' എന്ന്  പറഞ്ഞ് സ്വാതി ഡ്രൈവറുടെ സമീപത്തേക്ക് പോകുകയും ചെയ്യുന്നതും വീഡിയോയില്‍  കാണാം.

സംഭവത്തിന് പിന്നാലെ 22 മിനിറ്റിനുളളില്‍ പ്രതിയെ അറസ്റ്റ് ചെയ്തായി ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

തീര്‍ത്തും ഭയാനകരമായ സംഭവമായിരുന്നു. തന്റെ ടീം ഇടപെട്ടിരുന്നില്ലെങ്കില്‍ തനിക്ക് അഞ്ജലിയുടെ ഗതി വരുമായിരുന്നു.ദൈവാനുഗ്രഹത്താലാണ് രക്ഷപ്പെട്ടതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂവെന്നും പിന്നീട് അവര്‍ പറഞ്ഞു. 

അതേസമയം വീഡിയോയില്‍ സംശയം പ്രകടിപ്പിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. വനിതാ കമ്മീഷനെ അധ്യക്ഷയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ഇല്ലെന്നും, സ്വതി ഡ്രൈവറുടെ ഭാഗത്തു പോയി സംസാരിക്കുമ്പോള്‍ കാര്‍ മുന്നോട്ട് എടുക്കുന്നതും അലര്‍ച്ചയും അല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ഇതൊരു തട്ടിക്കൂട്ടിയുണ്ടാക്കിയ ആരോപണം മാത്രമാണ്.  എല്‍ജിക്ക് നേരെയുള്ള രാഷ്്ട്രീയ പോരിന്റെ ഭാഗമായി ഇതിനെ കണ്ടാല്‍മതിയെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുസ്ലിംകള്‍ക്കിയിലെ ബഹുഭാര്യാത്വം; പരിശോധിക്കാന്‍ പുതിയ ഭരണഘടനാ ബെഞ്ച്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ