

ഭോപ്പാൽ: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യാതൊരു ഉറപ്പുമില്ലാത്ത സഖ്യമാണ് പ്രതിപക്ഷ പാർട്ടികളുടേതെന്നും വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പു അടുത്തിരിക്കെ മധ്യപ്രദേശിലെ ഷഹ്ഡോലിൽ ഒരു ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വിമർശനം.
'പരസ്പരം പോരടിച്ചവരാണ് ഇപ്പോൾ ഒന്നിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇവരെല്ലാം നടത്തിയ പഴയ പ്രസ്താവനകൾ ഇപ്പോഴും കിട്ടും. പ്രതിപക്ഷ ഐക്യത്തിനു യാതൊരു ഉറപ്പുമില്ല എന്നാണ് ഇതു വ്യക്തമാക്കുന്നത്. കോൺഗ്രസ് ഉറപ്പു നൽകുന്നു എന്നു പറയുമ്പോൾ അതിൽ എന്തോ ഒരു കുഴപ്പമുണ്ട്. പ്രതിപക്ഷ പാർട്ടികൾക്ക് കുടുംബ താത്പര്യം മുൻനിർത്തി മാത്രമേ പ്രവർത്തിക്കാൻ സാധിക്കു. അഴിമതരഹിത ഭരണം പോലും ഉറപ്പ് നല്‍കാന്‍ സാധിക്കാത്തവരാണ് ഇവര്‍'- അദ്ദേഹം വിമർശിച്ചു.
'സ്വന്തം കാര്യത്തിലടക്കം ഒരു ഉറപ്പുമില്ലാത്തവരാണ് പദ്ധതികളുമായി വരുന്നത്. കോൺഗ്രസ് പാർട്ടി നൽകുന്ന ഉറപ്പ് ദുരദ്ദേശപരമാണ്. ആ ഉറപ്പ് പാവപ്പെട്ടവർക്കും എതിരാണ്. അത്തരം തെറ്റായ ഉറപ്പുകളെക്കുറിച്ച് വേണ്ടത് ജാഗ്രതയാണ്.'
'ജാമ്യം കിട്ടിയതിനാൽ കുറ്റാരോപിതർ മുഴുവൻ ഇപ്പോൾ പുറത്തുണ്ട്. രാജ്യദ്രോഹ ലക്ഷ്യങ്ങളുമായി അവർ യോഗങ്ങൾ ചേരുകയാണ്'- മോദി ആരോപിച്ചു.
അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പട്നയിൽ കഴിഞ്ഞ ദിവസം 15 പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തെയാണ് മോദി കടന്നാക്രമിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates