'ഞെട്ടി എഴുന്നേറ്റപ്പോള്‍ മുകളില്‍ പത്തു പതിനഞ്ചുപേര്‍; ചിതറിയ കൈകാലുകള്‍, വികൃതമായ മൃതദേഹങ്ങള്‍, കൂട്ട നിലവിളി...'

പെട്ടെന്നാണ് അപകടമുണ്ടായത്. ഞങ്ങള്‍ ഞെട്ടിപ്പോയി. ട്രെയിന്‍ ഒരുവശത്തേക്ക് മറിഞ്ഞു...
ചിത്രം: പിടിഐ
ചിത്രം: പിടിഐ

പെട്ടെന്നാണ് അപകടമുണ്ടായത്. ഞങ്ങള്‍ ഞെട്ടിപ്പോയി. ട്രെയിന്‍ ഒരുവശത്തേക്ക് മറിഞ്ഞു. ഞങ്ങള്‍ കുറേപേര്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പെട്ടെന്ന് പുറത്തേക്ക് തെറിച്ചുവീണു. ചുറ്റും വികൃതമായ മൃതദേഹങ്ങള്‍ കിടക്കുകയായിരുന്നു'- രാജ്യത്തെ നടുക്കിയ ബാലാസോര്‍ ട്രെയിന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി പിജുഷ് പൊഡ്ഡറിന്റെ വാക്കുകളില്‍ ഭീതി നിറഞ്ഞുനില്‍ക്കുന്നു. അപകടത്തില്‍പ്പെട്ട ചെന്നൈ കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു പൊഡ്ഡര്‍. 

വന്‍ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ചിതറിക്കിടക്കുന്ന മൃതദേഹ അവശിഷ്ടങ്ങള്‍. പലതും വികൃതമായിരുന്നു. തകര്‍ന്ന കോച്ചുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആളുകളുടെ കൂട്ട നിലവിളി.

'ട്രെയിന്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റു, പത്ത് പതിനഞ്ച് പേര്‍ എനിക്ക് മുകളിലുണ്ടായിരുന്നു. എന്റെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. ട്രെയിനിന് പുറത്തേക്ക് കടന്നപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ചുറ്റുപാടും കൈകാലുകള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. പല സ്ഥലങ്ങളിലായി കൈകാലുകള്‍. ഒരാളുടെ മുഖം വികൃതമായിരുന്നു'- അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

കോച്ചുകളില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. വ്യോമസേന, ആര്‍പിഎഫ്, ഒഡീഷ പൊലീസ്, ദുരന്ത നിവാരണ സേന, നാട്ടുകാര്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 200 ആംബുലന്‍സുകളും 45 മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകളും രാത്രിയോടെ തന്നെ സംഭവ സ്ഥലത്തെത്തി. തകര്‍ന്ന കോച്ചുകള്‍ പൊളിച്ച് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമമാണ് തുടരുന്നത്. 

മൃതശരീരങ്ങള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ് ബാലാസോര്‍ ജില്ലാ ആശുപത്രി. പരിക്കേറ്റവരുമായി ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞ് എത്തുന്നു. ഇവിടെ മാത്രം 526പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അപകട വിവരമറിഞ്ഞ് യുവാക്കളുടെ നിരവധി സംഘങ്ങള്‍ രക്തം നല്‍കാനും മറ്റു സഹായങ്ങള്‍ക്കും വേണ്ടി ആശുപത്രികളില്‍ എത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഇനിയും ആശുപത്രികളില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. എയിംസ് അടക്കമുള്ള ആശുപത്രികളില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ എത്തിയാല്‍ അടിയന്തര വൈദ്യസഹായം ഉടന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേന്ദ്ര റെയില്‍വെമന്ത്രി അശ്വനി വൈഷ്ണവ് അപകട സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്തുലക്ഷം രൂപ റെയില്‍വെ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com