അപകടകാരണം കണ്ടെത്തി: ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗിലെ പ്രശ്‌നമെന്ന് കേന്ദ്രമന്ത്രി ( വീഡിയോ)

താറുമാറായ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍  യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്
തകര്‍ന്ന ബോഗികള്‍ മാറ്റുന്നു/ പിടിഐ
തകര്‍ന്ന ബോഗികള്‍ മാറ്റുന്നു/ പിടിഐ

ഭുവനേശ്വര്‍:  ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ അപകടകാരണം കണ്ടെത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഉത്തരവാദികളെയും തിരിച്ചറിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 

ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗില്‍ വന്ന മാറ്റമാണ് അപകടകാരണമെന്നാണ് കേന്ദ്രമന്ത്രി സൂചിപ്പിച്ചത്. എത്രയും വേഗം ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ബുധനാഴ്ചയോടെ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയില്‍ പുനഃരാരംഭിക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ദുരന്തത്തെത്തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ ഒഡീഷയിലെ ബാലസോറില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ആയിരത്തിലേറെ ജോലിക്കാരാണ് രാത്രിയും പകലുമായി ജോലിചെയ്യുന്നത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് രാത്രിയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. 

നാല് ക്രെയിനുകള്‍, ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍, രണ്ട് ആക്‌സിഡന്റ് റിലീഫ് ട്രെയിനുകള്‍ എന്നിവ സ്ഥലത്തെത്തിച്ചാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുന്നത്. അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ബോഗികള്‍ ട്രാക്കില്‍നിന്ന് നീക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഓഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ അഞ്ച് സംഘങ്ങളും 24 അഗ്നിശമന സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വ്യോമസേനാ ഹെലിക്കോപ്റ്ററുകളുമുണ്ട്. 

അതിനിടെ കൂടുതൽ ഡോക്ടർമാരെ ഒഡീഷയിലെ ബാലസോറിലേക്ക് അയച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഭുവനേശ്വറിലെത്തി. ഭുവനേശ്വർ എയിംസിൽ എത്തി പരിക്കേറ്റവരെ കണ്ടതിനു ശേഷം അദ്ദേഹം ബാലസോറിലേക്ക് പോകും. ട്രെയിൻ ദുരന്തത്തിൽ 288 പേർ മരിച്ചെന്നാണ് റെയിൽവേ ഇന്നലെ ഔദ്യോ​ഗികമായി വ്യക്തമാക്കിയിട്ടുള്ളത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com