'ആനയെ കൊണ്ടുപോയി അവിടേയും ഇവിടേയും വിടണമെന്ന് കോടതിക്ക് പറയാനാകില്ല'; അരിക്കൊമ്പന്‍ കേസ് ഫോറസ്റ്റ് ബെഞ്ചിന്

ഹര്‍ജി പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിമര്‍ശിച്ചു
അരിക്കൊമ്പന്‍
അരിക്കൊമ്പന്‍

ചെന്നൈ: അരിക്കൊമ്പന്‍ കേസില്‍ ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കൊണ്ടുപോയി അവിടേയും ഇവിടേയും വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഇതു പൊതുതാല്‍പ്പര്യഹര്‍ജിയല്ല. ഹര്‍ജി പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിമര്‍ശിച്ചു.

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന് കൈമാറി. ജസ്റ്റിസുമാരായ ആര്‍ സുബ്രഹ്മണ്യം, എല്‍ വിക്ടോറിയ ഗൗരി എന്നിവരുടേതാണ് നിര്‍ദേശം. 

അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ കേസ് അടിയന്തരമായി കേട്ടുതീരുമാനമെടുക്കാനുള്ള വൈദഗ്ധ്യം ഈ ബെഞ്ചിന് ഇല്ല. അതിനാല്‍ ഫോറസ്റ്റ് ബെഞ്ച് ഹര്‍ജി കേള്‍ക്കട്ടെയെന്നും കോടതി വ്യക്തമാക്കി. 

തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ റബേക്ക ജോസഫ് ആണ് ഹര്‍ജി നല്‍കിയത്. ആനയെ മതികെട്ടാന്‍ ചോലമേഖലയില്‍ തുറന്നു വിടണമെന്നായിരുന്നു ആവശ്യം. 

ആനയെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാലും കോടതിയെ സമീപിച്ചിരുന്നു.മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ രാവിലെ തുറന്നു വിട്ടിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com