ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സമയം ചോദിച്ച സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം അനുവദിച്ചില്ലെന്ന് പ്രതിപക്ഷം. വിഷയം ഉന്നയിക്കാനായി കോണ്‍ഗ്രസ് അടക്കമുള്ള പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ജൂണ്‍ പത്തു മുതല്‍ ഡല്‍ഹിയില്‍ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.
ജൂണ്‍ പത്തിനാണ് പ്രധാനമന്ത്രിയോട് സമയം ചോദിച്ച് കത്ത് നല്‍കിയത്. ഇപ്പോഴും മണിപ്പൂരില്‍ നിന്നുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഡല്‍ഹിയില്‍ കാത്തിരിക്കുകയാണ്. ജൂണ്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പ് സമയം നല്‍കുമെന്നാണ് അവരുടെ പ്രതീക്ഷ- അദ്ദേഹം പറഞ്ഞു.
മെയ് മൂന്നിന് തുടങ്ങിയ കലാപം ഒന്നരമാസം തുടര്‍ന്നിട്ടും പ്രധാനമന്ത്രി മണിപ്പൂരിലെത്താത്ത സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ വന്ന് കാണാന്‍ തീരുമാനിച്ചതെന്ന് പ്രതിനിധി സംഘത്തിലുണ്ടായിരുന്ന മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങ് പറഞ്ഞു.
മണിപ്പൂരിലെ കലാപം ശമനമില്ലാതെ തുടരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് കാണുമ്പോള്‍ മണിപ്പൂര്‍ ഇന്ത്യയില്‍ തന്നെയല്ലേ എന്നും പ്രധാനമന്ത്രി മുഴുവന്‍ ഇന്ത്യയുടേതുമല്ലേ എന്നും ചോദിക്കേണ്ടി വരികയാണെന്ന് ഇബോബി സിങ് പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞാണ് കലാപം 26 ദിവസം പിന്നിട്ട ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ചത്. അദ്ദേഹം മണിപ്പൂരിലുണ്ടായിരുന്ന മൂന്ന് ദിവസവും മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. പ്രധാനമന്ത്രി മനസുവെച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കലാപം അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2001 ജൂണ്‍ 18ന് മണിപ്പൂരില്‍ കലാപം തുടങ്ങി ആറ് ദിവസമായപ്പോഴേക്കും ജൂണ്‍ 24ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മണിപ്പൂരില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് കാണാന്‍ അനുമതി നല്‍കിയെന്ന് ജയറാം രമേശ് ഓര്‍മിപ്പിച്ചു. അതിന് തലേന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനിയുമായും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തി. വിദേശ യാത്രക്ക് തിരിക്കുകയായിരുന്ന വാജ്‌പേയി തിരിച്ചുവന്ന് 2001 ജൂലൈ എട്ടിന് വീണ്ടും സര്‍വകക്ഷി യോഗം വിളിച്ച് സമാധാനത്തിനുള്ള ആഹ്വാനവും നടത്തി.
എന്നാല്‍, മണിപ്പൂര്‍ 45 ദിവസമായി കത്തിക്കൊണ്ടിരിക്കുമ്പോഴും 10 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും ഡല്‍ഹിയില്‍ വന്നിട്ടും അവരെ കാണാന്‍ പ്രധാനമന്ത്രി തായറായിട്ടില്ല. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും ബിജെപിയുടെ രാഷ്ട്രീയവും ആണ് മണിപ്പൂര്‍ കലാപത്തിന്റെ യഥാര്‍ഥ കാരണമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്, ജെഡിയു, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ശിവ സേന (ഉദ്ദവ് താക്കറെ), എന്‍സിപി, ആര്‍എസ്പി എന്നീ പാര്‍ട്ടികളാണ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ച് കത്ത് നല്‍കിയത്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
