ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമത്തിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തത്. മധുരൈയിലെ ശുചീകരണ തൊഴിലാളിയുമായി ബന്ധപ്പെട്ട സൂര്യയുടെ ട്വീറ്റാണ് അറസ്റ്റിലേക്ക് നയിച്ചത്.
മലം നിറഞ്ഞ ഓട വൃത്തിയാക്കാന്‍ ശുചീകരണ തൊഴിലാളിയെ ഇടതു കൗണ്‍സിലര്‍ വിശ്വനാഥന്‍ നിര്‍ബന്ധിച്ചെന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ അലര്‍ജി നിമിത്തം തൊഴിലാളി മരിച്ചെന്നുമായിരുന്നു സൂര്യ ആരോപിച്ചത്. നിയമം മൂലം തോട്ടിപ്പണി നിരോധിച്ചിട്ടുണ്ട് എന്ന് അറിഞ്ഞിട്ടും ശുചീകരണ തൊഴിലാളിയെ കൊണ്ട് നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചു. ഇതിലൂടെ വിശ്വനാഥന്റെ ഇരട്ടത്താപ്പാണ് വെളിവായതെന്നും സൂര്യ ട്വീറ്റില്‍ വിമര്‍ശിച്ചു. ഈ ട്വീറ്റില്‍ തന്നെ മധുരൈ എം പി വെങ്കടേശനെതിരെയും സൂര്യ ആഞ്ഞടിച്ചിരുന്നു. ഇതിനെ കുറിച്ച് മൗനം തുടരുന്നതിലായിരുന്നു വിമര്‍ശനം. 'നിങ്ങളുടെ വിഘടനവാദത്തിന്റെ കപടരാഷ്ട്രീയം അഴുക്കുചാലിനെക്കാള്‍ മോശമാണ്. മനുഷ്യനായി ജീവിക്കാന്‍ വഴി കണ്ടെത്തൂ, സുഹൃത്തേ'- സൂര്യയുടെ വാക്കുകള്‍.
സൂര്യയുടെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്. സ്വതന്ത്രമായി സംസാരിക്കുന്നത് തടയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ട്വീറ്റിലൂടെ വിമര്‍ശിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ