'പട്നയിൽ ഫോട്ടോ സെഷൻ, പ്രതിപക്ഷ ഐക്യം അസാധ്യം, 2024ലും മോദി തന്നെ'- അമിത് ഷാ

പ്രസം​ഗത്തിൽ രാഹുലിനേയും അമിത് ഷാ ആക്രമിച്ചു. എല്ലാത്തിനേയും വിമർശിക്കുക എന്ന ശീലമാണ് രാഹുൽ ​ഗാന്ധിക്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ശ്രീന​ഗർ: പ്രതിപക്ഷ പാർട്ടികളുടെ ഐക്യം അസാധ്യമാണെന്നും പട്നയിൽ നടന്ന യോ​ഗം ഫോട്ടോ സെഷൻ മാത്രമാണെന്നും പരിഹിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം കനത്ത തിരിച്ചടി നേരിടുമെന്നും അമിത് ഷാ ജമ്മു കശ്മീരിൽ നടന്ന പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആരോപിച്ചു. 

പ്രസം​ഗത്തിൽ രാഹുലിനേയും അമിത് ഷാ ആക്രമിച്ചു. എല്ലാത്തിനേയും വിമർശിക്കുക എന്ന ശീലമാണ് രാഹുൽ ​ഗാന്ധിക്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

'പട്നയിൽ ഒരു ഫോട്ടോ സെഷൻ അരങ്ങേറുകയാണ്. 2024ൽ മോദിയേയും എൻ‍ഡിഎയേയും എതിരിടുമെന്ന സന്ദേശം കൈമാറാനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒരേ തട്ടിൽ ഒത്തുകൂടിയിരിക്കുന്നു. പ്രതിപക്ഷ നേതാക്കളോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ ഐക്യം എന്നത് ഏറെക്കുറെ അസാധ്യമായ സം​ഗതിയാണ്. അങ്ങനെ ഐക്യം സാധ്യമായാൽ 2024ൽ നിങ്ങൾ ജനങ്ങളുടെ മുന്നിൽ വരണം. മൂന്നൂറ് സീറ്റുകളുമായി മോദിയുടെ വിജയമാണ് സംഭവിക്കാൻ പോകുന്നത്.' 

'രാഹുൽ എല്ലാത്തിനേയും വിമർശിക്കുകയാണ്. അതു ശീലമാണ്. 370ാം അനുച്ഛേദം റദ്ദാക്കിയത്, രാമക്ഷേത്ര നിർമാണം, മുത്തലാഖ് എല്ലാത്തിനേയും അദ്ദേഹം വിമർശിക്കുന്നു. രാഹുൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദിക്കെതിരെ 2024ൽ മത്സരിച്ചേക്കാം. പക്ഷേ ജനത്തിനറിയാം ആരെയാണ് തെരഞ്ഞടുക്കേണ്ടത് എന്നു. വീണ്ടും മോ​ദി പ്രധാനമന്ത്രി ആയാൽ ഏറ്റവും സുരക്ഷിതമായ ഇടമായി ജമ്മു കശ്മീരിനെ മാറ്റും'- അമിത് ഷാ വ്യക്തമാക്കി. 

വിയോജിപ്പുകൾ മാറ്റി വച്ച് 15 പാര്‍ട്ടികളില്‍ നിന്നായി 30 നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയതായാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവുമാണ് ആതിഥ്യം വഹിച്ചത്.

നിതീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതൃ സ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും അണി നിരന്നു. സിപിഎം, സിപിഐ, സിപിഐ എംഎല്‍, പിഡിപി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തിനെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ആംആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജരിവാള്‍, ഭഗവന്ത് മന്‍, ഡിഎംകെയില്‍നിന്ന് എംകെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹേമന്ദ് സോറന്‍, സമാജ് വാദി പാര്‍ട്ടിയില്‍നിന്ന് അഖിലേഷ് യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com