'മനുഷ്യത്വം കഴിവുകേടല്ല'; അക്രമികള്‍ സ്ത്രീകളെ കവചമാക്കുന്നു, മണിപ്പൂരില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് സൈന്യം

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി സൈന്യം
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Published on
Updated on

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി സൈന്യം. വനിതകള്‍ മനപ്പൂര്‍വ്വം വഴി തടയുകയും സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞദിവസം, 1,200 സ്ത്രീകള്‍ ചേര്‍ന്ന് സൈന്യത്തെ തടഞ്ഞ് അക്രമകാരികളെ മോചിപ്പിച്ചതിനെ കുറിച്ചാണ് സൈന്യത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. 

'സ്ത്രീകള്‍  മനപ്പൂര്‍വ്വം വഴി തടയുകയും സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിര്‍ണായക ഘട്ടങ്ങളില്‍ ഇത്തരം അനാവശ്യ ഇടപെടലുകള്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ സൈന്യം എല്ലാ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിക്കുന്നു.- സൈന്യം ട്വിറ്ററില്‍ പറഞ്ഞു. 

സ്ത്രീകള്‍ സൈനികരെ തടഞ്ഞ സംഭവത്തിലെ വിശദീകരണ വീഡിയോയും സൈന്യം ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 'മനുഷ്യത്വമുള്ളത് കഴിവുകേടല്ല' എന്ന ടൈറ്റിലോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അക്രമകാരികള്‍ സ്ത്രീകളെ മനുഷ്യ കവചമാക്കി ഉപയോഗിക്കുയാണെന്ന് സൈന്യം വീഡിയോയില്‍ പറയുന്നു. 

മാനുഷിക മുഖം വ്യക്തമാക്കുന്ന പക്വമായ തീരുമാനം എടുത്തതിന് ഇത്താം വില്ലേജിലെ കമാന്‍ഡര്‍ ഇന്‍ ചാര്‍ജിനെ സൈന്യം നേരത്തെ അഭിനന്ദിച്ചിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള രോഷാകുലരായ ഒരു വലിയ ജനക്കൂട്ടത്തിന് നേരെ ബലപ്രയോഗം നടത്തിയാല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍, 12 പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കള്‍ക്ക് കൈമാറാന്‍ തീരുമാനമെടുക്കുകയായിരുന്നു എന്ന് സൈന്യം വ്യക്തമാക്കി. 

ശനിയാഴ്ചയാണ് ഇത്താം ഗ്രാമത്തില്‍ നിന്ന് പന്ത്രണ്ട് അക്രമകാരികളെ സൈന്യം കസ്റ്റഡിയില്‍ എടുത്തത്. ഇവരുമായി വന്ന വാഹന വ്യൂഹത്തെ 1,200ഓളം സ്ത്രീകള്‍ തടയുകയും അക്രമികളെ വിട്ടയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാകാതെ വന്നതോടെ, അക്രമികളെ വിട്ടയച്ച് സൈന്യം പിന്‍മാറി. ഇതിന് പിന്നാലെ, സൈന്യത്തിന്റെ നടപടിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കലാപകാരിളെ വിട്ടയച്ചത് ശരിയായ നടപടി ആയിരിന്നില്ല എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com