കൈക്കൂലി കേസില്‍ മുന്‍കൂര്‍ ജാമ്യം; തിരിച്ചെത്തിയ ബിജെപി എംഎല്‍എയ്ക്ക് 'രാജകീയ സ്വീകരണം'; വീഡിയോ

By സമകാലികമലയാളം ഡെസ്ക്  |   Published: 07th March 2023 09:20 PM  |  

Last Updated: 24th March 2023 11:57 AM  |   A+A-   |  

KARANATAKA_mla

അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഒന്നാം പ്രതിയായ ബിജെപി എംഎല്‍എ വിരുപക്ഷപ്പയ്ക്ക് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം

 

ബംഗളൂരു: അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ കര്‍ണാടക ബിജെപി എംഎല്‍എ മദാല്‍ വിരുപക്ഷപ്പയ്ക്ക് വീരോചിത സ്വീകരണം. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകന്‍ അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ അഞ്ച് ദിവസമായി എംഎല്‍എ ഒളിവില്‍ പോയിരുന്നു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് എംഎല്‍എയെ വരവേറ്റത്.

എംഎല്‍എയെ വരവേല്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ആളുകള്‍ പടക്കം പൊട്ടിച്ചാണ് എംഎല്‍എയെ ജന്മനാട്ടില്‍ സ്വീകരിച്ചത്. അഴിമതിക്കേസിലെ ഒന്നാം പ്രതിയാണ് വിരുപക്ഷപ്പ. കര്‍ണാടക ഹൈക്കോടതിയാണ് ലോകായുക്ത അഴിമതി കേസില്‍ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 

 


അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, 48 മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. കര്‍ണാടക സോപ്പ്‌സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്‌സ് ലിമിറ്റഡ് എം ഡി ആയിരുന്ന വിരുപക്ഷപ്പ സോപ്പ് നിര്‍മിക്കാനുള്ള സാമഗ്രികള്‍ ലഭ്യമാകാന്‍ 40 ശതമാനം കമ്മീഷന്‍ കരാറുകാരനോട് കൈപ്പറ്റി എന്നതാണ് കേസ്. 

വിരുപക്ഷപ്പയ്ക്ക് വേണ്ടി കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 40 ലക്ഷം രൂപ കൈപ്പറ്റിയതിന് മകന്‍ പ്രശാന്ത് മദാല്‍ ഐഎഎസ് നേരത്തെ അറസ്റ്റില്‍ ആയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ ചരിത്രനിമിഷം; നാഗാലാന്‍ഡില്‍ ആദ്യ വനിതാമന്ത്രി; അഭിനന്ദനവുമായി മോദി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ