രഘുവിനും അമ്മുവിനും തിരക്കായി; 'എലഫന്റ് വിസ്‌പെറേഴ്‌സി'ലെ ആനക്കുട്ടികളെ കാണാനെത്തി സന്ദർശകർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2023 07:38 AM  |  

Last Updated: 14th March 2023 07:45 AM  |   A+A-   |  

The_Elephant_Whisperers

ചിത്രം: ട്വിറ്റർ

 

'ദി എലിഫന്റ് വിസ്‌പെറേഴ്‌സ്' ഓസ്കർ നേടിയതോടെ മുതുമലയിൽ രഘുവിനും അമ്മുവിനും തിരക്കായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആനകളെ തിരക്കി തെപ്പക്കാട് ആനസങ്കേതത്തിലേക്ക് എത്തിത്തുടങ്ങി. മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി ഒരുക്കിയ ഡോക്യുമെന്ററി ഷോർട്ട് ഫിലിം ലോക സിനിമാ വേദിയിൽ അം​ഗീകാരം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രഘുവിനെയും അമ്മുവിനെയും അന്വേഷിച്ച് സന്ദർശകർ എത്തുന്നത്. 

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചിരിക്കുന്ന കാലഘട്ടത്തിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ് ഊട്ടി സ്വദേശിനിയായ കൃതികി ഗോൺസാൽവസ് പ്രമേയമാക്കിയത്. രഘു എന്നും അമ്മു എന്നും പേരിട്ട രണ്ട് ആനക്കുട്ടികളും ദമ്പതികളായ ബൊമ്മനും ബെല്ലിയും തമ്മിലുള്ള ബന്ധമാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. "ഞാൻ ലണ്ടനിൽ നിന്നാണ്, ഇവിടെ നിന്നുള്ള രണ്ട് ആനക്കുട്ടികൾക്ക് ഇന്നലെ രാത്രി ഓസ്‌കാർ ലഭിച്ചതായി അറിഞ്ഞു. അവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ശരിക്കും ആസ്വദിച്ചു. ആനകൾ എന്റെ പ്രിയപ്പെട്ട മൃഗമാണ്. ഇന്ന് ഇവരെ കാണാൻ കഴിഞ്ഞത് ഭാ​ഗ്യമാണ്,” ​രഘുവിനെ കാണാൻ മുതുമലയിൽ എത്തിയ സന്ദർശക ​ഗ്രേസ് പറഞ്ഞു. 

രഘുവിന് സന്ദർശകത്തിരക്കാണെങ്കിൽ ഓസ്കർ എന്താണെന്നുപോലും അറിയില്ലെന്നാണ് ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ബെല്ലി പറയുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മുതുമലൈ കടുവ സങ്കേതത്തിൽ ആന പാപ്പാൻമാരായി ജോലി ചെയ്യുകയാണ് ബൊമ്മനും ബെല്ലിയും. "ആനകൾ ഞങ്ങളുടെ മക്കളെ പോലെയാണ്. ഇത് അമ്മയെ നഷ്ടപ്പെട്ട കുട്ടിക്ക് നൽകുന്ന സേവനമായാണ് കാണുന്നത്. അത്തരത്തിലുള്ള നിരവധി ആനകളെ ഞാൻ വളർത്തിയിട്ടുണ്ട്. കാട്ടിൽ അമ്മമാരെ നഷ്ടപ്പെട്ട ആനക്കുട്ടികൾക്ക് ഞാനൊരു വളർത്തമ്മയാണ്", ബെല്ലി പറയുന്നു. ഭർത്താവ് ബൊമ്മൻ ഗുരുതരമായി പരിക്കേറ്റ ഒരു ആനയെ കൊണ്ടുവരാൻ സേലത്തേക്ക് പോയിരിക്കുകയാണെന്നും ബെല്ലി പറഞ്ഞു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രഘു എന്ന ആനക്കുട്ടിയെ വളര്‍ത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥ, മുതുമലയില്‍ ഒരുക്കിയ ദി എലിഫന്റ് വിസ്‌പെറേഴ്‌സ്; ഡോള്‍ബിയില്‍ തിളങ്ങി ഇന്ത്യ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ