ഇതുകൊണ്ടൊന്നും രാഹുല്‍ ഗാന്ധി ഭയന്നോടില്ലെന്ന് കോണ്‍ഗ്രസ്; അദാനിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ നീക്കം; 'തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു'

അദാനി - മോദി ബന്ധം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗമാണ് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചത്
രാഹുല്‍ ഗാന്ധി / പിടിഐ
രാഹുല്‍ ഗാന്ധി / പിടിഐ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി രാഷ്ട്രീയ വിരോധം തീര്‍ക്കലെന്ന് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലാണ്, ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. ജോഡോ യാത്രയ്ക്കിടെ  ലക്ഷക്കണക്കിന് പേരെയാണ് രാഹുല്‍ കണ്ടത്. ആ വ്യക്തികളുടെ  വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. 

പൊലീസിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടേണ്ടതാണ്. ഇപ്പോഴുണ്ടായ നടപടി രാഷ്ട്രീയ വിരോധം തീര്‍ക്കലാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരി്രതത്തില്‍ ആദ്യമായാണ് ഇത്തരം നടപടിയെന്നും മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

അദാനി - മോദി ബന്ധം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗമാണ് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ജനുവരി 30 ന് നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ 45 ദിവസങ്ങള്‍ക്ക് ശേഷമാണ് തേടുന്നത്. പാര്‍ലമെന്റിലെ രാഹുലിന്റെ ആരോപണങ്ങളിലുള്ള പ്രതികാര നടപടിയാണിതെന്ന് വ്യക്തമാണെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 

അദാനി വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കമാണ് രാഹുലിന്റെ വീട്ടിലെത്തിയ പൊലീസ് നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇതു കണ്ട് കോണ്‍ഗ്രസോ രാഹുല്‍ഗാന്ധിയോ ഭയന്നോടില്ല. ബിജെപി സര്‍ക്കാര്‍ അദാനിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്തോറും, കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. 

രാഹുല്‍ ഗാന്ധിയെ ബിജെപിക്ക് ഭയമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. രാഹുലിന്റെ വീട്ടിലേക്ക് ഡല്‍ഹി പൊലീസിനെ അയച്ച നടപടി അതാണ് വ്യക്തമാക്കുന്നത്. ഭരണത്തിലുള്ള സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ പൊലീസ് ഇത്തരത്തിലൊരു നടപടിക്ക് മുതിരില്ലെന്നും ഗഹലോട്ട് പറഞ്ഞു. പൊലീസ് നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു നാളെ പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം കോണ്‍ഗ്രസ് ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com