രാഹുലിന് അയോഗ്യതാ ഭീഷണി; സ്റ്റേ ഇല്ലെങ്കില്‍ എംപി സ്ഥാനം റദ്ദാവും, ആറു വര്‍ഷത്തേക്കു മത്സരിക്കുന്നതിനും വിലക്ക് 

ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അയോഗ്യതയും വരും.
വിധി കേള്‍ക്കുന്നതിനായി രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയിലേക്കു വരുന്നു/പിടിഐ
വിധി കേള്‍ക്കുന്നതിനായി രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയിലേക്കു വരുന്നു/പിടിഐ

ന്യൂഡല്‍ഹി:  ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അയോഗ്യതാ ഭീഷണിയില്‍. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധിക്കു സ്‌റ്റേ വന്നില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും. 

രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്കു തടഞ്ഞിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിനു ജാമ്യവും അനുവദിച്ചു. മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അയോഗ്യതയും വരും.

മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിലാണ് രാഹുലിനു കോടതി ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി. 

വിധി പറയുന്നതിനു മുമ്പായി രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് താക്കൂര്‍, അമിത,് ചാവ്ഡ, അര്‍ജുന്‍ മോദ്‌വാഡിയ എന്നിവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. 

കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി.

കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വെര്‍മ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. 2021 ഒക്ടോബറില്‍ കോടതിയില്‍ ഹാജരായ രാഹുല്‍, പ്രസ്താവനയില്‍ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com