കോണ്‍ഗ്രസ് നേതൃത്വത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍; അപ്പീലില്‍ ഉടന്‍ തീരുമാനം; പിന്തുണയുമായി പ്രതിപക്ഷം
By സമകാലിക മലയാളം ഡെസ്ക് | Published: 24th March 2023 05:09 PM |
Last Updated: 24th March 2023 05:09 PM | A+A A- |

രാഹുല്‍ ഗാന്ധി/ പിടിഐ ചിത്രം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം പുറത്തു വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
സോണിയയും പ്രിയങ്കയും രാഹുലും യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, പിസിസി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാക്കന്മാര്‍, പാര്‍ട്ടി ബഹുജനസംഘടനാ തലവന്മാര്‍ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എഐസിസി ആസ്ഥാനത്തേക്ക് എത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.
കര്‍ണാടകയില്‍ നടന്ന പ്രസംഗത്തിന് സൂറത്ത് കോടതിക്ക് ശിക്ഷിക്കാന്‍ അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ല. സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കും. ലോക്‌സഭ തെരഞ്ഞെടുപ്പ് ഏറെ അകലെയാണ്. സ്റ്റേ അതിനു മുമ്പേ തന്നെ സാധ്യമാകും. നടപടികളിലെ സുതാര്യതയില്ലായ്മ തെരഞ്ഞെടുപ്പ് കമ്മീഷന് അടക്കം ബോധ്യമുണ്ട്.
ഭരണഘടനയുടെ അനുച്ഛേദം 103 പ്രകാരം അയോഗ്യത തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി അഴിമതിക്കാരെ രക്ഷിക്കുകയും, ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുകയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡല്‍ഹി വിജയ് ചൗക്കില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ രാഹുല്‍ഗാന്ധിക്ക് പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ രംഗത്തു വന്നു. ജനാധിപത്യത്തിന്റെ അധഃപതനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി പറഞ്ഞു. ഏകാധിപത്യനീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നതിന്റെ മറ്റൊരു തലമെന്നും യെച്ചൂരി പറഞ്ഞു.
കള്ളന്മാരും കൊള്ളക്കാരും സ്വതന്ത്രമായി വിഹരിക്കുന്നു. രാഹുല്‍ഗാന്ധിയെ ശിക്ഷിക്കുന്നു. ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലുകയാണ് ചെയ്യുന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. രാഹുല്‍ഗാന്ധിക്കെതിരെ മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
രാഹുല്‍ ഗാന്ധി അയോഗ്യന്‍; പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി വിജ്ഞാപനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ