രാഹുല്‍ഗാന്ധിക്ക് തടവുശിക്ഷ: അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്; നിയമപോരാട്ടത്തിന് അഞ്ചംഗ സമിതി
By സമകാലിക മലയാളം ഡെസ്ക് | Published: 24th March 2023 10:16 AM |
Last Updated: 24th March 2023 10:21 AM | A+A A- |

രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും/ ഫയല്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ തടവുശിക്ഷ വിധിച്ചതില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു. എഐസിസി ആസ്ഥാനത്ത് വൈകീട്ട് അഞ്ചുമണിക്കാണ് യോഗം. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തില്‍ അധ്യക്ഷത വഹിക്കും.
പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, പിസിസി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാക്കന്മാര്‍, പാര്‍ട്ടി ബഹുജനസംഘടനാ തലവന്മാര്‍ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിമര്‍ശിച്ചതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നതെന്നും, സൂറത്ത് കോടതി വിധിയെ നിയമപരമായി നേരിടുമെന്നും ഖാര്‍ഗെ ഇന്നലെ വ്യക്തമാക്കിയിരുന്നു.
'അഭിമന്യുവിനെ പത്മവ്യൂഹത്തില്‍ കുടുക്കിയതുപോലെ'
രാഹുല്‍ ഗാന്ധിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുലിനെ ജയിലിലാക്കാനാണ് ശ്രമം. രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാഹുലിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയരാതിരിക്കാനുള്ള നീക്കമാണിത്. അഭിമന്യുവിനെ പത്മവ്യൂഹത്തില്‍ കുടുക്കിയതുപോലെയാണ് മോദി സര്‍ക്കാരിന്റെ നടപടിയെന്നും വേണുഗോപാല്‍ പറഞ്ഞു.
കേസ് ഒറ്റപ്പെട്ട സംഭവമല്ല. മോദി ഭരണത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുകയാണ്. രാഹുലിനെ ജയിലില്‍ അടച്ച് പീഡിപ്പിക്കാനാണ് ശ്രമം. അതിനായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. നരേന്ദ്രമോദി ജനാധിപത്യത്തെ കറുത്ത അധ്യായത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
രാഹുല്‍ കേസില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ അഞ്ചംഗ സമിതിയെ കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെ നിയോഗിച്ചതായും കെ സി വേണുഗോപാല്‍ അറിയിച്ചു. മനു അഭിഷേക് സിങ്‌വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, വിവേക് തന്‍ഖ, രാഹുല്‍ഗാന്ധിയുടെ അഭിഭാഷകന്‍ ആര്‍ എസ് ചീമ എന്നിവരാണ് സംഘത്തിലുള്ളത്.
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചുള്ള ഹര്‍ജിയിലാണ് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. രാഹുല്‍ഗാന്ധി കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിനെതിരെ, ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ