സംവരണ പരിധി ഉയര്‍ത്തും; മുസ്ലിം സംവരണം പുന:സ്ഥാപിക്കും, ബജ്‌രംഗ് ദള്‍ നിരോധിക്കും; കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക

സംസ്ഥാനത്തെ സാമൂഹ്യ - സാമ്പത്തിക സെന്‍സസ് പുറത്ത് വിടും
കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നു
കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നു

ബംഗലൂരു: സംവരണ പരിധി 50 ശതമാനത്തില്‍ നിന്നും 70 ശതമാനമായി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ബജ്‌രംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ നിരോധിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയര്‍ത്തും. പട്ടികജാതി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആക്കി ഉയര്‍ത്തും. പട്ടിക വര്‍ഗ സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമാക്കും. 

സംസ്ഥാനത്തെ സാമൂഹ്യ - സാമ്പത്തിക സെന്‍സസ് പുറത്ത് വിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതല്‍ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. നാളികേരത്തിന് താങ്ങുവില കൊണ്ടുവരും. പാലിന് സബ്‌സിഡി വര്‍ധിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്. 

മില്‍ക് ക്രാന്തി പദ്ധതി നടപ്പാക്കും. അതുവഴി പ്രതിദിനം 1.5 കോടി പാലുല്പാദനം ലക്ഷ്യമിടുന്നു. പാല്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡ് അഞ്ചു രൂപയില്‍ നിന്നും ഏഴു രൂപയായി കൂട്ടും. രാത്രി കാല ജോലിക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 5000 രൂപ പ്രത്യേക അലവന്‍സ് നല്‍കും. ബിജെപി നടപ്പാക്കിയ ജനവിരുദ്ധ നിയമങ്ങള്‍ റദ്ദാക്കും. 

പൊതുമരാമത്ത്, ജലസേചനം, നഗരവികസനം തുടങ്ങിയ വകുപ്പുകളിലെ അഴിമതി പൂര്‍ണമായി അവസാനിപ്പിക്കും. മതവിദ്വേഷവും വര്‍ഗീയതയും പടര്‍ത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും പ്രകടന പത്രിക പറയുന്നു.  പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പരമേശ്വര തുടങ്ങിയവര്‍ പ്രകടന പത്രിക പുരത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com