ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം നേടി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 136 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. 224 അംഗ സഭയില്‍, ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 64 സീറ്റുകളിലാണ് ബിജെപിക്കു മുന്നിലെത്താനായത്. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക ഭരണ സംസ്ഥാനം ബിജെപിക്കു നഷ്ടമായി.
മോദി പ്രഭാവം ഏറ്റില്ല
മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു വിട്ട് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടിയാണ് കര്‍ണാടക തെരഞ്ഞെടുപ്പു ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല.
കേവല ഭൂരിപക്ഷം കടന്നു മുന്നേറിയ കോണ്‍ഗ്രസ് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നിലേക്കു പോയില്ല. ജനതാ ദള്‍ (എസ്) മുന്നേറ്റം 20 സീറ്റില്‍ ഒതുങ്ങി. കാലാവധി തീര്‍ന്ന നിയമസഭയില്‍ ബിജെപിക്ക് 120 സീറ്റാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 69ഉം ജെഡിഎസിന് 32ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.
വിജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെയും ബംഗളുരുവിലേയും ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. 120 നേടി പാര്‍ട്ടി സ്വന്ത നിലയ്ക്ക് അധികാരത്തിലെത്തുമെന്ന് രാവിലെ പറഞ്ഞ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രതീക്ഷയും കടത്തിവെട്ടി, കോണ്‍ഗ്രസിന്റെ പ്രകടനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. കഴിഞ്ഞ 38 വര്‍ഷമായി കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും ഭരണം നിലനിര്‍ത്താനായിട്ടില്ല. ഈ പതിവ് കനത്ത പ്രചാരണത്തിലുടെ മറികടക്കാനായിരുന്നു ബിജെപി ശ്രമം.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍ ബിജെപിയേക്കാള്‍ ഇരട്ടി സീറ്റുകളില്‍ ലീഡ് നേടാന്‍ പാര്‍ട്ടിക്കായി. കോണ്‍ഗ്രസിന്റെ വോട്ടു ശതമാനത്തിലും നിര്‍ണായകമായ വര്‍ധനയുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക