ദലിത്, ലിംഗായത്ത് സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന വേണം; ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി  പ്രകടിപ്പിച്ച് എംബി പാട്ടീല്‍

തെരഞ്ഞെടുപ്പില്‍ ലിംഗായത്ത്, വൊക്കലിംഗ, ദലിത്, പട്ടിക വര്‍ഗ, മുസ്ലിം സമുദായങ്ങളെല്ലാം കോണ്‍ഗ്രസിനെ തുണച്ചിട്ടുണ്ട്
എംബി പാട്ടീൽ/ എഎൻഐ
എംബി പാട്ടീൽ/ എഎൻഐ


ബംഗലൂരു: കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരില്‍ ദലിത്, ലിംഗായത്ത് സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്ന് എംബി പാട്ടീല്‍. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ലിംഗായത്ത്, വൊക്കലിംഗ, ദലിത്, പട്ടിക വര്‍ഗ, മുസ്ലിം സമുദായങ്ങളെല്ലാം കോണ്‍ഗ്രസിനെ തുണച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ വിഭാഗങ്ങള്‍ക്കെല്ലാം അര്‍ഹമായ സ്ഥാനമാനങ്ങള്‍ വേണമെന്ന് പാട്ടീല്‍ ആവശ്യപ്പെട്ടു.  

ഈ സമുദായങ്ങള്‍ക്കെല്ലാം അര്‍ഹമായ ആദരവും, അധികാരത്തില്‍ പങ്കാളിത്തവും ഉറപ്പാക്കണം. ഇക്കാര്യത്തില്‍ പാര്‍ട്ടി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപി ടിക്കറ്റില്‍ മത്സരിച്ച ലിംഗായത്തുകാരെ ജനം നിരാകരിച്ചു. സ്വാഭാവികമായും കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാനായി. 

അതുകൊണ്ടു തന്നെ സമുദായം വളരെ പ്രതീക്ഷയിലാണ്. അവരുടെ പ്രതീക്ഷ കോണ്‍ഗ്രസ് പാര്‍ട്ടി നിറവേറ്റുമെന്നാണ് കരുതുന്നതെന്നും എംബി പാട്ടീല്‍ പറഞ്ഞു. ലിംഗായത്ത് സമുദായക്കാരനായ എംബി പാട്ടീലിന്റെ പേര് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഏക ഉപമുഖ്യമന്ത്രി എന്ന ഡികെ ശിവകുമാറിന്റെ നിര്‍ബന്ധത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു. 

ഇതോടെ ഉപമുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ടിരുന്ന എംബി പാട്ടീല്‍, ദലിത് നേതാവും മുന്‍ പിസിസി പ്രസിഡന്റുമായ ജി പരമേശ്വര തുടങ്ങിയവര്‍ കടുത്ത അതൃപ്തിയിലാണ്. ദലിത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദം നല്‍കാത്തതില്‍ പരമേശ്വര കഴിഞ്ഞദിവസം നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

പരമേശ്വരയുടെ അനിഷ്ടം തള്ളി മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ടിബി ജയചന്ദ്ര രംഗത്തു വന്നിട്ടുണ്ട്. ശിവകുമാറിനെ ഏകഉപമുഖ്യമന്ത്രിയാക്കുക എന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നുവരുമെന്ന് കരുതുന്നില്ലെന്നും ജയചന്ദ്ര പറഞ്ഞു. 

മന്ത്രിമാരെയും വകുപ്പ് വിഭജനവും തീരുമാനിക്കാനായി നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും വീണ്ടും ഡല്‍ഹിയിക്ക് പോയി. മത-സാമുദായിക പരിഗണനകള്‍ നോക്കി മന്ത്രിമാരെ നിശ്ചയിക്കുകയാണ് ഡല്‍ഹി യാത്രയുടെ ലക്ഷ്യം. നാളെ ഉച്ചയ്ക്ക് 12. 30 നാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com