സിദ്ധരാമയ്യയ്ക്കു രണ്ടാമൂഴം; ഉപമുഖ്യമന്ത്രിയായി ഡികെ, കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

ഉപമുഖ്യമന്ത്രിയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേറ്റത്
സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു/എഎന്‍ഐ
സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു/എഎന്‍ഐ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഉപമുഖ്യമന്ത്രിയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേറ്റത്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന ജയം നേടിയതിന് ഒരാഴ്ചയ്ക്കു ശേഷമാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടത്. ഇതു രണ്ടാം വട്ടമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

ജി പരമേശ്വര, കെഎച്ച് മുനിയപ്പ, കെജെ ജോര്‍ജ്, എംബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയാങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബിസെഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് മറ്റുള്ളവര്‍. മലയാളിയായ കെജെ ജോര്‍ജ് നേരത്തെ കര്‍ണാടകയില്‍ മന്ത്രിയായിരുന്നു. സിദ്ധരാമയ്യയുടെ അടുത്ത അനുയായിയാണ് ജോര്‍ജ് അറിയപ്പെടുന്നത്. പ്രിയാങ്ക് ഖാര്‍ഗെ എഐസിസി അധ്യന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ്.

2013ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ തന്നെയാണ് ഇന്നും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com