

ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്. വിവിധ വകുപ്പുകള്‍ അനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഐടി നിയമത്തിലെ 66ഇ, 66സി, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 465, 469 വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ നടപടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. യഥാര്‍ത്ഥമെന്ന് തോന്നുന്ന തരത്തില്‍ അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങളും വിഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്പ് ഫേക്കുകള്‍ എന്നറിയപ്പെടുന്നത്. ഇവ വ്യാജമാണെന്ന് തിരിച്ചറിയുക വലിയ പ്രയാസമാണ്.
സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്കുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് എല്ലാ സാമൂഹിക മാധ്യമങ്ങളും ഉറപ്പുവരുത്തണം. സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തിരിക്കണം. ഇല്ലെങ്കില്‍ റൂള്‍ 7 പ്രയോഗിക്കുകയും കമ്പനി കോടതി കയറേണ്ട സ്ഥിതിവിശേഷവും വന്നു ചേരും. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന ഏറ്റവും അപകടകരമായ പുതിയ രീതിയാണ് ഡീപ്പ് ഫേക്കുകളെന്നും അതിനെ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നുമാണ് മന്ത്രി എക്സില്‍ കുറിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
