

റാഞ്ചി: റാഞ്ചി അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഇമെരിറ്റസ് കർദിനാൾ ടെലസ്ഫോർ പ്ലാസിഡസ് ടോപ്പോ (84) അന്തരിച്ചു. ഏഷ്യയിൽ ഗോത്രവിഭാഗത്തിൽ നിന്ന് കർദിനാൾ പദവിയിലെത്തിയ ഏക വ്യക്തിയാണ് അദ്ദേഹം. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ, കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ എന്നിവയുടെ അധ്യക്ഷനായിരുന്നു കർദിനാൾ ടോപ്പോ. 2003 ഒക്ടോബർ 21നാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെയും ഫ്രാൻസിസ് മാർപാപ്പയെയും തിരഞ്ഞെടുത്ത കർദിനാൾ സംഘത്തിൽ അംഗമായിരുന്നു. 2018 ജൂണിലാണ് റാഞ്ചി അതിരൂപത അധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിച്ചത്.അംബ്രോസ് ടോപ്പോയുടെയും സോഫിയയുടെയും മകനായി 1939 ഒക്ടോബർ 15ന് ഝാർഖണ്ഡിലെ ഗുംല ജില്ലയിലെ ജാർഗാവിലാണ് ജനനം. റാഞ്ചി സർവകലാശാലയിലും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവകലാശാലയിലുമായിരുന്നു ഉന്നതപഠനം.
1969ലാണ് അദ്ദേഹം വൈദികപട്ടം സ്വീകരിക്കുന്നത്. 1968ൽ ധുംക രൂപതയുടെ ബിഷപ്പായി നിയമിതനായി. 1985ലാണ് റാഞ്ചി അതിരൂപതയുടെ അധ്യക്ഷനാവുന്നത്. വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട കർദിനാൾമാരുടെ സമിതിയും അദ്ദേഹം അംഗമായിരുന്നു. 2016ൽ ശ്രീലങ്കയിൽ നടന്ന ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് പ്ലീനറി അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായിരുന്നു. കർദിനാൾ ടോപ്പോയ്ക്ക് സാമൂഹിക സേവനത്തിന് 2002ൽ ജാർഖണ്ഡ് രത്ന പുരസ്കാരം ലഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
