അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;  വോട്ടെണ്ണല്‍ ഡിസംബര്‍ 3ന്

ഡിസംബര്‍ മൂന്നിന് അഞ്ചിടത്തേയും വോട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍

ന്യുഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റ ഘട്ടമായിട്ടുമാണ് തെരഞ്ഞെടുപ്പ്. മിസോറാമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢില്‍ ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നും നടക്കും. ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23ന് നടക്കും. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ നവംബര്‍ 30നാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് അഞ്ചിടത്തേയും വോട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലേക്കും രാജസ്ഥാനില്‍ 200 മണ്ഡലങ്ങളിലേക്കും തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡില്‍ 90 മണ്ഡലങ്ങളിലേക്കും മിസോറാമില്‍ 40 മണ്ഡലങ്ങൡലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തീയതി പ്രഖ്യാപിച്ചതോടെ അഞ്ച് സംസ്ഥാനങ്ങളിലും മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 

അഞ്ച് സംസ്ഥാനങ്ങളിലായി 16.14 കോടി വോട്ടര്‍മാരാണ് ഉള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഇതില്‍ 60.2 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 8.2 കോടി പുരുഷന്‍മാരും 7.8 കോടി വനിതാ വോട്ടര്‍മാരുമാണ് ഉള്ളത്. രാജ്യത്തെ ആകെ വോട്ടര്‍മാരില്‍ ആറില്‍ ഒന്ന് പേര്‍ ബൂത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അഞ്ചിടത്തുമായി 1.77 ലക്ഷം പോളിങ് ബുത്തുകള്‍ ഉണ്ടായിരിക്കും. 1.01 ലക്ഷം പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് നിലവിലെ ഭരണകക്ഷി. മധ്യപ്രദേശില്‍ ബിജെപിയും തെലങ്കാനയില്‍ ഭാരത് രാഷ്ട്രസമിതിയും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടുമാണ് അധികാരത്തില്‍. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്കും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി ഒരുമിച്ച് നില്‍ക്കുമോയെന്നതും പ്രധാനമാണ്.

2023 ഡിസംബറിനും 2024 ജനുവരിയ്ക്കുമിടയില്‍ അഞ്ച് സംസ്ഥാനങ്ങളിലേയും നിയമസഭാ കാലാവധി അവസാനിക്കും. തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമില്‍ ഡിസംബര്‍ 17-ന് കാലാവധി പൂര്‍ത്തിയാകും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com