യുവതികള്‍ക്ക് വിവാഹത്തിന് പത്ത് ഗ്രാം സ്വര്‍ണം; തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെയും ബിആര്‍എസിന്റെയും 'ഓഫര്‍' യുദ്ധം

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന തെലങ്കാനയില്‍ വന്‍ 'ഓഫറുകള്‍' പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബിആര്‍എസും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന തെലങ്കാനയില്‍ വന്‍ 'ഓഫറുകള്‍' പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബിആര്‍എസും. യുവതികള്‍ക്ക് വിവാഹ സമയത്ത് പത്ത് ഗ്രാം സ്വര്‍ണം നല്‍കുന്നത് അടക്കമുള്ള പദ്ധതികള്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലേക്ക് പരിഗണിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പുറമേയാണ് സ്വര്‍ണം നല്‍കുന്ന പദ്ധതിയും മുന്നോട്ടുവയ്ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുണ്ടാകും. 

ഭരണകക്ഷിയായ ബിആര്‍എസ് പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ്, കോണ്‍ഗ്രസ് സ്വര്‍ണം നല്‍കുന്നത് അടക്കമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലേക്ക് കടന്നത്. ബിആര്‍എസ് ഇന്നലെ പുറത്തിറക്കിയ പ്രകടനപത്രിക തങ്ങളുടെ ആശയങ്ങള്‍ കോപ്പിയടിച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

ബിആര്‍എസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ കല്യാണ ലക്ഷ്മി, ശാദി മുബാറക് പദ്ധതികളിലായി വിവാഹ സമയത്ത് യുവതികള്‍ക്ക് 1,00,116 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള യുവതികള്‍ക്കാണ് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുക. അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും കഴിഞ്ഞദിവസം ബിആര്‍എസ് പുറത്തുവിട്ട പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. 

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് സൗഭാഗ്യ ലക്ഷ്മി പദ്ധതി പ്രകാരം 3000 രൂപ ധനസഹായം, ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ 6,000 രൂപയായി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിആര്‍എസിന്റെ പ്രകടനപത്രികയിലുള്ള മറ്റു വാഗ്ദാനങ്ങള്‍. 

സ്ത്രീകള്‍ക്ക് 2,500 രൂപവീതം ധനസഹായം നല്‍കുമെന്നും 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ നല്‍കുമെന്നും കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ മാത്രമ നേല്‍കുള്ളു എന്നും അവ പാലിക്കാന്‍ സാധിക്കില്ലെന്നും ബിആര്‍എസ് വക്താവ് ശ്രാവണ്‍ ദസാജു പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com