'ഒന്നും ശ്രദ്ധിക്കുന്നില്ല'; അജണ്ട ചോദിച്ച് പ്രധാനമന്ത്രിക്ക് കത്ത്, സോണിയ ഗാന്ധിക്ക് എതിരെ കേന്ദ്രം 

By സമകാലിക മലയാളം ഡെസ്ക്       |   Published: 07th September 2023 12:30 PM  |  

Last Updated: 07th September 2023 12:30 PM  |   A+A-   |  

sonia_gandhi

സോണിയ ഗാന്ധി/ ഫയല്‍

 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കത്തതിനെ ചോദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സോണിയാ ഗാന്ധിക്ക് കീഴ്‌വഴക്കങ്ങളെ കുറിച്ച് ബോധ്യമില്ലെന്നും പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതിന് ശേഷം മാത്രമേ അജണ്ട പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ അജണ്ട വെളിപ്പെടുത്താത്ത സാഹചര്യത്തില്‍, 9 വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. മണിപ്പൂര്‍ സംഘര്‍ഷം, ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം, കേന്ദ്ര-സംസ്ഥാന ബന്ധം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നായിരുന്നു സോണിയയുടെ ആവശ്യം. 

'കീഴ്‌വഴക്കം അനുസരിച്ചാണ് സമ്മേളനം വിളിച്ചിരിക്കുന്നത്. ഒരുപക്ഷേ നിങ്ങള്‍ കീഴ്‌വഴക്കങ്ങള്‍ ശ്രദ്ധിക്കുന്നില്ലായിരിക്കും. പാര്‍ലമെന്റ് സമ്മേളനം മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികളുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിവില്ല. രാഷ്ട്രപതി പാര്‍ലമെന്റ് കൂടാന്‍ അറിയിപ്പ് നല്‍കുന്നതിന് പിന്നാലെ എല്ലാ പാര്‍ട്ടികളുടേയും നേതാക്കളുടെ യോഗമുണ്ട്. അതിലാണ് പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്'- പ്രഹ്ലാദ് ജോഷി പറഞ്ഞു. 

പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് മാറ്റല്‍, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, ഏകീകൃത വ്യക്തി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ബില്ലുകൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് സോണിയ ഗാന്ധി അജണ്ട ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. 


ഈ വാര്‍ത്ത കൂടി വായിക്കൂ ഗോവിന്ദ നാമം ഒരു കോടി തവണ എഴുതണം; യുവാക്കള്‍ക്ക് സ്‌പെഷ്യല്‍ ദര്‍ശനം പ്രഖ്യാപിച്ച് തിരുപ്പതി ക്ഷേത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ