ജി 20 ഉച്ചകോടി നാളെ ആരംഭിക്കും; ജോ ബൈഡൻ മോദി കൂടിക്കാഴ്‌ച ഇന്ന് 

യുഎസ് പ്രസിഡന്റെ ജോ ബൈഡൻ ഇന്ന് ന്യൂഡൽഹിയിൽ എത്തും
ജോ ബൈഡൻ മോദി കൂടിക്കാഴ്‌ച ഇന്ന് / ഫയൽ ചിത്രം
ജോ ബൈഡൻ മോദി കൂടിക്കാഴ്‌ച ഇന്ന് / ഫയൽ ചിത്രം

ന്യൂഡൽഹി: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന 18-ാം മത് ജി 20 ഉച്ചകോടി നാളെ ആരംഭിക്കും. ഡൽഹിയിലെ പ്രഗതി മൈതാനത്തിൽ പണിതുയർത്തിയ ഭാരത് മണ്ഡപത്തിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിയിൽ 20 അംഗരാജ്യങ്ങൾ, ക്ഷണിതാക്കളായ എട്ട് രാജ്യങ്ങൾ, 14 ലോകസംഘടനകൾ എന്നിവയുടെ മേധാവികൾ പങ്കെടുക്കും.

യോഗത്തിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റെ ജോ ബൈഡൻ ഇന്ന് ന്യൂഡൽഹിയിൽ എത്തും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ചെറുകിട മോഡുലാർ ആണവ റിയാക്ടറുകൾക്കായി ധാരണാപത്രം, ഇന്ത്യൻ വിദ്യാർഥികൾക്ക് അക്കാദമിക് പ്രോഗ്രാം, ഡ്രോണുകൾ, ജെറ്റ് എൻ‍ജിനുകൾ എന്നിവ വാങ്ങുന്നതിനുള്ള ഇടപാടുകൾ, യുക്രൈനിന് സംയുക്ത സഹായം, ഇന്ത്യക്കാർക്കായി ഉദാരമായ വിസ നയം, ഇരുരാജ്യങ്ങളിലും പുതിയ കോൺസുലേറ്റുകൾ തുടങ്ങിയ വിഷയങ്ങളാണ് മേശപ്പുറത്തുള്ളത്. പ്രധാന ഉച്ചകോടിക്കു പുറമേ ആഗോള അടിസ്ഥാനസൗകര്യം, നിക്ഷേപം എന്നിവ സംബന്ധിച്ച യോഗത്തിലും ബൈഡൻ പങ്കെടുക്കും. 

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റമാഫോസയാണ് ആദ്യം എത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന എത്തും. റഷ്യൻ പ്രസിഡന്റ്‌ വ്ളാദിമിർ പുതിൻ, ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻപിങ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. പകരം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങും എത്തും. ശനിയാഴ്ച വിശിഷ്ടാതിഥികൾക്കായി രാഷ്ട്രപതി ദ്രൗപദി മുർമു അത്താഴവിരുന്ന് നൽകും. 

ഉച്ചകോടിയിൽ ചർച്ചചെയ്യുന്ന ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളിൽ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കൾ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി-20 നേതാക്കൾ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദർശിക്കും. 

വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 10ന് 100 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. ജി 20 ഉച്ചകോടി നടക്കുന്നത് കണക്കിലെടുത്ത്  സെപ്റ്റംബർ എട്ട് മുതൽ 10 വരെ ഡൽഹിയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളിൽ പ്രവർത്തിക്കില്ല. ഗതാഗത കുരുക്കും സാങ്കേതിക വെല്ലുവിളികളും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പൊതു അവധി നൽകിയത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com