മഴ മാറിനിന്നു; രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ലോകനേതാക്കള്‍ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th September 2023 10:03 AM |
Last Updated: 10th September 2023 10:03 AM | A+A A- |

ലോകനേതാക്കള്‍ രാജ്ഘട്ടില്‍/പിടിഐ
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ജി 20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍. രാജ്ഘട്ടതില്‍ എത്തിയ നേതാക്കള്‍, മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സംഘം രാജ്ഘട്ടിലെത്തിയത്.
രാജ്ഘട്ടിലെത്തിയ നേതാക്കള്‍, ഒരു മിനിറ്റ് മൗനം ആചരിച്ചു. കനത്ത മഴയെ തുടര്‍ന്ന് രാജ്ഘട്ടിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മഴ മാറി നിന്നതോടെ നേതാക്കള്‍ രാജ്ഘട്ടിലേക്ക് എത്തുകയായിരുന്നു. രാജ്ഘട്ടിലെത്തിയ നേതാക്കളെ ഖാദി ഷോള്‍ അണിയിച്ചാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനകും ഒരുമിച്ചാണ് രാജ്ഘട്ടില്‍ നടന്നുനീങ്ങിയത്. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍ ഒപ്പുവച്ചു.
#WATCH | G 20 in India: Heads of state and government and Heads of international organizations pay homage to Mahatma Gandhi and lay a wreath at Delhi's Rajghat. pic.twitter.com/v4VhHsdxsD
— ANI (@ANI) September 10, 2023
ശേഷം, ഉച്ചകോടി നടപടികള്‍ക്ക് വേണ്ടി നേതാക്കള്‍ ഭാരത് മണ്ഡപത്തിലേക്ക് മടങ്ങി. 'ഒരു ഭാവി' എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷന്‍ ഇന്നു നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്നു ചര്‍ച്ചകള്‍ നടക്കുക. ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാന്‍ ഇന്നലെ ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു. യുക്രൈനില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്താന്‍ ജി 20 പ്രതിജ്ഞാബദ്ധമെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന ഉച്ചകോടി പുറത്തിറക്കി.
രാജ്യങ്ങളുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും മേല്‍ കടന്നു കയറരുതെന്ന് റഷ്യയുടെ പേര് പരാമര്‍ശിക്കാത്ത പ്രസ്താവന പറയുന്നു. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. ബലപ്രയോഗത്തിലൂടെയല്ല നയതന്ത്ര, സംവാദ മാര്‍ഗങ്ങളിലൂടെയാണ് തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടേണ്ടതെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.
#WATCH | G 20 in India: Prime Minister Narendra Modi, US President Joe Biden, UK PM Rishi Sunak at Delhi's Rajghat after paying homage to Mahatma Gandhi. pic.twitter.com/azaIS9d62L
— ANI (@ANI) September 10, 2023
ഇന്ത്യയുടെ സമവായ നീക്കങ്ങളെ ഇന്തോനേഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണച്ചു. ജൈവ ഇന്ധന കൂട്ടായ്മയില്‍ പങ്കാളികളാവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ഉറപ്പാക്കും. ക്രിപ്‌റ്റോ കറന്‍സിക്ക് അന്താരാഷ്ട്ര നിയന്ത്രണ ചട്ടങ്ങള്‍ ഉണ്ടാകും. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലും സംരക്ഷണ ചട്ടങ്ങള്‍ക്ക് രൂപം നല്‍കും. ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഉച്ചകോടിയുടെ പ്രമേയം ആഹ്വാനം ചെയ്യുന്നു.
അതേസമയം സംയുക്ത പ്രസ്താവനയില്‍ റഷ്യയോട് വിട്ടുവീഴ്ച ചെയ്തുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ കടന്നുകയറ്റത്തിനെതിരെ പ്രമേയത്തില്‍ ശക്തമായ താക്കീത് ഉണ്ടെന്നാണ് അമേരിക്കന്‍ ഭരണകൂടം പറയുന്നത്.
അതിനിടെ സംയുക്ത പ്രമേയം പൊതു തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ രാജ്യത്ത് രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. ജി 20 അധ്യക്ഷപദവിയില്‍ ഏറ്റവും വിജയിച്ച നേതാവ് നരേന്ദ്രമോദിയെന്ന് കാട്ടി നാളെ മുതല്‍ പ്രചാരണം നടത്താനാണ് പാര്‍ട്ടി അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ജി20 ഉച്ചകോടിയിൽ കുരുങ്ങന്മാരുടെ ശല്യം; തുരത്താൻ 'ഡ്യുപ്ലിക്കേറ്റ്' ലങ്കൂറുകൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ