ഔറംഗാബാദ് ഇനി ഛത്രപതി സംഭാജി നഗര്‍; രണ്ട് ജില്ലകളുടെ പേര് മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍

ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍
ഏക്നാഥ് ഷിന്‍ഡെ/ഫയല്‍
ഏക്നാഥ് ഷിന്‍ഡെ/ഫയല്‍

മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്. ഇവ രണ്ടും മറാഠ മേഖലയിലുള്ള ജില്ലകളാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച് ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത്. 

മുന്‍പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതോടെ തീരുമാനം നീണ്ടു. അടുത്തിടെ ഹര്‍ജി കോടതി തള്ളിയതോടെയാണ് പേരുമാറ്റ നടപടികള്‍ വീണ്ടും തുടങ്ങിയത്. 

1681 മുതല്‍ 1689 വരെ മറാത്ത രാജവംശത്തിലെ രാജാവായിരുന്നു സംഭാജി. ശിവാജിക്കു ശേഷം ആ രാജവംശത്തിലെ രണ്ടാമത്തെ ഛത്രപതി സംഭാജിയുടെ കാലത്താണ് മുഗള്‍ രാജവംശവുമായുള്ള മറാത്തകളുടെ പോരാട്ടം ശക്തമായത്. 1687ലെ പോരാട്ടത്തില്‍ മുഗളന്മാര്‍ മറാത്ത രാജവംശത്തിനുമേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. സൈന്യം ശിഥിലമായി. 1689ല്‍ ഒറ്റു കൊടുക്കപ്പെട്ട സംഭാജി മുഗളന്മാരുടെ പിടിയിലായി.

സംഭാജിയെ വധിക്കാന്‍ നിര്‍ദേശം നല്‍കിയ ഔറംഗസേബാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേര് നല്‍കിയത്. ഔറംഗാബാദിന് സംഭാജിയുടെ പേരു നല്‍കണമെന്നത് ശിവസേനയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com