

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭാലില്‍ സന്ദര്‍ശനം നടത്താന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരെ പൊലീസ് തടഞ്ഞു. ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയില്‍ ഗാസിപൂര്‍ അതിര്‍ത്തിയില്‍ വെച്ചാണ് പൊലീസ് രാഹുലിനെയും സംഘത്തെയും തടഞ്ഞത്. ഇതിനു പിന്നാലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചു കൂടി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനായി വന്‍ ബാരിക്കേഡുകള്‍ അടക്കം നിരത്തിയാണ് പൊലീസ് പ്രതിരോധം തീര്‍ത്തത്.
അതിര്‍ത്തിയിലും സമീപപ്രദേശങ്ങിലും യുപി പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. രാവിലെ 10.15 ഓടെയാണ് രാഹുലും സംഘവും സംഭാലിലേക്ക് പുറപ്പെട്ടത്. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംപിമാരും, എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സംഘത്തിലുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം പരിഗണിച്ച് സംഭാലില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പുറത്തു നിന്നും ആരെയും പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണം ഈ മാസം 31 വരെ ജില്ലാ ഭരണകൂടം നീട്ടിയിട്ടുണ്ട്. നേതാക്കള്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരെ തടയണമെന്ന് സംഭലിലെ ജില്ലാ അധികൃതര്‍ അയല്‍ ജില്ലകള്‍ക്കു നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ തടയണമെന്ന് ആവശ്യപ്പെട്ട് ബുലന്ദ്ഷഹര്‍, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലെ പൊലീസ് മേധാവികള്‍ക്ക് സംഭാല്‍ ജില്ലാ കലക്ടര്‍ കത്തെഴുതി.
യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് സംഭാല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു. സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ സംഭല്‍ ഷാഹി ജുമാ മസ്ജിദ് പരിസരത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
