
ഭോപ്പാല്‍: അന്താരാഷ്ട്ര ചീറ്റ ദിനമായ ബുധനാഴ്ച മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ രണ്ടു ചീറ്റപ്പുലികളെ കൂടി തുറന്നുവിട്ടു. അഗ്നി, വായു എന്നിങ്ങനെ പേരിട്ട രണ്ടു ആണ്‍ ചീറ്റപ്പുലികള്‍ കൂടിയാണ് കുനോ ദേശീയ പാര്‍ക്കിന്റെ ഭാഗമായത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് ചീറ്റകളെ തുറന്നുവിട്ടത്.
കുനോയിലെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ യോഗ്യരായതിനാലാണ് ചീറ്റപ്പുലികളായ അഗ്‌നിയെയും വായുവിനെയും തുറന്നുവിട്ടത്. അഗ്‌നിയുടെയും വായുവിന്റെയും ചലനം സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയുടെ സുരക്ഷയും പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശേഷിയും ഉറപ്പാക്കുകയും ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ വംശനാശം സംഭവിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രോജക്ട് ചീറ്റ പദ്ധതി ഇന്ത്യ അവതരിപ്പിച്ചത്. നമീബിയയില്‍ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളുടെ ആദ്യ ബാച്ചിനെ 2022 സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോയില്‍ വിട്ടയച്ചു.
2023 ഫെബ്രുവരി 18നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളുടെ രണ്ടാമത്തെ ബാച്ചിനെ ഇവിടെ എത്തിച്ചത്. തുടക്കത്തില്‍ ചില ചീറ്റപ്പുലികള്‍ ചത്തത് പദ്ധതി അവതാളത്തിലാകുമോ എന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാലും 50 ശതമാനം ചീറ്റകളും അതിജീവിച്ചാല്‍ പദ്ധതി വിജയകരമാണെന്ന് പറയാന്‍ സാധിക്കുമെന്ന് കുനോ അതോറിറ്റിയും 'പ്രോജക്റ്റ് ചീറ്റ'യുടെ നോഡല്‍ ഏജന്‍സിയായ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും വാദിച്ചു.
നിലവില്‍, കുനോയില്‍ ആകെ 24 ചീറ്റകളുണ്ട്. 12 മുതിര്‍ന്നവരും (നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന 20ല്‍) ഇന്ത്യന്‍ മണ്ണില്‍ ജനിച്ച 12 കുഞ്ഞുങ്ങളും ഉള്‍പ്പെടെയാണിത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ കുനോയില്‍ ജനിച്ച 19 കുഞ്ഞുങ്ങളില്‍ 12 കുഞ്ഞുങ്ങളും അതിജീവിച്ചത് 'പ്രോജക്റ്റ് ചീറ്റ'യുടെ വിജയത്തിന്റെ അടയാളമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക