മൂന്നാമൂഴം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റു; ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍

മുംബൈ ആസാദ് മൈതാനിയില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ.
Narendra Modi, Governor CP Radhakrishnan, Devendra Fadnavisduring the swearing in ceremony
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മോദിക്കും ഗവര്‍ണര്‍ക്കുമൊപ്പം ഫഡ്‌നാവിസ്പിടിഐ
Updated on
2 min read

മുംബൈ:മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റു. മൂന്നാം തവണയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ഉപമുഖ്യമന്ത്രിമാരായി ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും അധികാരമേറ്റു. ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാര്‍, വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി, സിനിമ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, മാധൂരി ദീക്ഷിത്, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മുംബൈ ആസാദ് മൈതാനിയില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് 54കാരനായ ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയായി എത്തുന്നത്. 2014 മുതല്‍ 2019 വരെ ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നു. 2019 ല്‍ ശിവസേനയുമായുള്ള ഭിനന്തയെ തുടര്‍ന്ന് എന്‍സിപി നേതാവ് അജിത് പവാറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും, ശരദ് പവാര്‍ എതിര്‍ത്തതോടെ ഭൂരിപക്ഷം തെളിയിക്കാനാകെ അഞ്ചുദിവസത്തിനകം രാജിവെക്കേണ്ടി വന്നു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. ശിവസേന ഏക്നാഥ് ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി.

27ാം വയസില്‍ മേയര്‍; മൂന്നാം തവണയും മുഖ്യമന്ത്രി പദത്തില്‍

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ബിജെപി മുന്നണിയെ മിന്നുന്ന ജയത്തോടെ അധികാരത്തിലെത്തിച്ച മഹാരാഷ്ട്രയിലെ അതികായനായ നേതാവാണ് 54കാരനായ ദേവേന്ദ്ര ഫഡ്നാവിസ്. നാഗ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തുടങ്ങിയ ഫഡ്നാവിസ് കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ മഹാരാഷ്ട്ര ബിജെപി ഘടകത്തിന്റെ സമുന്നതനേതാവായി മാറുകയും ചെയ്തു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് ഫഡ്നാവിസ് എന്ന രാഷ്ട്രീയ നേതാവിന്റെ കുതിപ്പ് തുടങ്ങുന്നത്. നരേന്ദ്രമോദിയില്‍ നിന്നും അമിത് ഷായില്‍ നിന്നും ലഭിച്ച കാര്യമായ പിന്തണ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് മഹാരാഷ്ട്രയില്‍ പ്രചാരണം നടത്തിയതെങ്കിലും പാര്‍ട്ടിയുടെ വിജയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ണായക പങ്കാണ് വഹിച്ചത്. 'നാഗ്പൂര്‍ രാജ്യത്തിന് നല്‍കിയ സമ്മാനമാണ് ദേവേന്ദ്ര ഫഡ്നാവിസ്' എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.

ജനസംഘത്തിന്റെയും പിന്നീട് ബിജെപി നേതാവുമായ ഗംഗാധര്‍ ഫഡ്നാവിസിന്റെ മകനാണ് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ സമുന്നത നേതാവായ നിതിന്‍ ഗഡ്കരി തന്റെ രാഷ്ട്രീയ ഗുരുവായി കാണുന്നത് ഗംഗാധര്‍ ഫഡ്നാവിസിനെയാണ്. 1989ല്‍ എബിവിപിയിലുടെയായിരുന്നു ദേവേന്ദ്രയുടെ രാഷ്ട്രീയ പ്രവേശം.

22 ാം വയസില്‍ നാഗ്പൂരില്‍ കൗണ്‍സിലറായ അദ്ദേഹം 1997 ല്‍ 27ാം വയസില്‍ നാഗ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. 1999ല്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. പിന്നീട് തുടര്‍ച്ചായി നാഗ്പൂര്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിലും ഫഡ്നാവിസ് നാഗ്പൂര്‍ വെസ്റ്റ് നിലനിര്‍ത്തി. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് - എന്‍സിപി സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടിയ ഫഡ്നാവിസിനെതിരെ ഇന്നുവരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മഹാരാഷ്ട്രയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്. ശിവസേനയുടെ മനോഹര്‍ ജോഷിക്ക് പിന്നാലെ ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com