'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്'; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്
narendra modi, amit shah
നരേന്ദ്രമോദിയും അമിത് ഷായും പിടിഐ
Updated on

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രാം നാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

2029 ഓടെ രാജ്യത്ത് നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ്, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഒറ്റ വോട്ടര്‍പട്ടികയും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വേണം.

വിശദമായ ചർച്ചകൾക്കായി ബിൽ പാർലമെന്ററി കമ്മിറ്റിക്ക് വിടും. ബില്ലില്‍ സമയവായത്തിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. സംസ്ഥാന നിയമസഭ സ്പീക്കര്‍മാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതി ശുപാര്‍ശയില്‍ പറയുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാല്‍, ആ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കുന്നതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.

രണ്ട് അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്താനും പുതിയ ഉപവകുപ്പുകള്‍ ഉള്‍പ്പെടുത്താനും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ തിരുത്താനും ഉന്നതതല സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഭേദഗതികളുടെയും പുതിയ ഉള്‍പ്പെടുത്തലുകളുടെയും ആകെ എണ്ണം 18 ആണ്. തൂക്കുസഭയോ അവിശ്വാസപ്രമേയത്തിലൂടെയോ സര്‍ക്കാര്‍ വീണാല്‍ അവശേഷിക്കുന്ന കാലയളവിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണം എന്നും സമിതി ശുപാർശയിൽ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com