ചെന്നൈ: ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. വ്യാഴാഴ്ച രാത്രി 9.30 നുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. മരിച്ചവരിൽ മൂന്നു വയസുള്ള ഒരു കുട്ടിയും ഉണ്ട്. ദിണ്ടിഗൽ - തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോയ ആറ് പേരെ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.
നൂറിലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്.
ഇന്നലെ രാത്രി 11.30ഓടെ ആശുപത്രിയിൽ കുടുങ്ങിയ എല്ലാ രോഗികളെയും പുറത്തെത്തിച്ചെന്ന് എസ്‍പി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ പൊള്ളലേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. 28 ഓളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക