ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി എത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെ പുതിയ ബാഗുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ചുള്ള മുദ്രാവാക്യം എഴുതിയ ബാഗുമായാണ് ഇന്ന് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയത്. മറ്റ് പ്രതിപക്ഷ എംപിമാരും പ്രിയങ്കക്കൊപ്പം സമാനമായ ബാഗുകള്‍ കൈയില്‍ പിടിച്ച് പ്രതിഷേധിച്ചു.
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമസംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് ബാഗിലെ വരികള്‍. ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒപ്പം നില്‍ക്കുക എന്നാണ് ബാഗിലെ വാചകം. തിങ്കളാഴ്ച ലോക്‌സഭയിലെ ശൂന്യവേളയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് അവര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സര്‍ക്കാര്‍ ഉന്നയിക്കണം. ബംഗ്ലാദേശ് സര്‍ക്കാരുമായി ഇത് ചര്‍ച്ച ചെയ്യണം. വേദന അനുഭവിക്കുന്നവരെ പിന്തുണയ്ക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ആഭ്യന്തര വിഷയങ്ങളെക്കാള്‍ വിദേശ ആശങ്കകള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. 140 കോടി ഇന്ത്യക്കാരുടെ ആശങ്കകള്‍ ഉന്നയിക്കാനാണ് രാജ്യത്തുടനീളമുള്ള എംപിമാരെ ഇവിടെ തെരഞ്ഞെടുക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പുരുഷാധിപത്യത്തിനെ എതിര്‍ക്കുന്നതിന്റെ മറവില്‍ വയനാട് എംപി വര്‍ഗീയ സൂചനയാണ് നല്‍കുന്നതെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. 1971 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ബംഗ്ലാദേശ് വിമോചന സമരത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക