ന്യൂഡല്‍ഹി: ഡോ.ബി ആര്‍ അംബേദ്കറെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. അമിത് ഷാ രാജിവച്ച് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അമിത് ഷാ പാര്‍ലമെന്റിലും പുറത്തും അംബേദ്കറെ അപമാനിക്കുകയാണ് ചെയ്തതെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് വളപ്പില്‍ അംബേദ്കറുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. സഭയിലും പ്രതിപക്ഷം അംബേദ്കറുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി.
അംബേദ്കറുടെ പേര് പറയുന്നത് കോണ്‍ഗ്രസിനിപ്പോള്‍ ഫാഷനായെന്നും ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കാണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു. അംബേദ്കര്‍, അംബേദ്കര്‍...എന്ന് പറയുന്നത് ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവ നാമം ചൊല്ലിയിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ പോകാമായിരുന്നു- അമിത് ഷാ പറഞ്ഞു.
അമിത് ഷാ പരാമര്‍ശം പിന്‍വലിക്കണമെന്നും രാജിവെക്കണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അദ്ദേഹത്തെയും ഭരണഘടനേയും അമിത് ഷാ അപമാനിക്കുകയാണ് ചെയ്ത്. അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം. അമിത് ഷായുടെ സംസാരം ഇങ്ങനെ തുടര്‍ന്നാല്‍ രാജ്യമെമ്പാടും തീ പടരുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ രാജ്ഭവനുകളും കേന്ദ്രീകരിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
ബിജെപി നേതാക്കള്‍ക്ക് എന്ത് തരത്തിലുള്ള ചിന്താഗതിയാണുള്ളതെന്ന് ഷാ രാജ്യത്തിന് മുഴുവന്‍ കാണിച്ചുകൊടുത്തു. രാജ്യത്തെ ദലിതരേയും അംബേദ്കറെയും അപമാനിക്കുന്ന പ്രസ്താവനയാണ് അമിത് ഷായില്‍ നിന്നുണ്ടായതെന്ന് കോണ്‍ഗ്രസ് എംപി നീരജ് ഡാംഗി പറഞ്ഞു.
പാര്‍ലമെന്‍റില്‍ ഭരണഘടനാ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമര്‍ശങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക