റായ്പൂര്‍: അരി മോഷ്ടിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഛത്തീസ് ഗഡിലെ റായ്ഗഡ് ജില്ലയിലെ ദുമര്‍പള്ളി ഗ്രാമത്തിലാണ് സംഭവം. പഞ്ചരാം സാരഥി എന്ന ബുട്ടുവാണ് കൊല്ലപ്പെട്ടത്.
അരി മോഷ്ടിച്ചുവെന്ന സംശയത്തില്‍ യുവാവിനെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് രാത്രി മര്‍ദ്ദിക്കുകയായിരുന്നു. രാവിലെ ഗ്രാമത്തലവനാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മര്‍ദ്ദനമേറ്റ യുവാവ് മരത്തില്‍ കെട്ടിയിട്ട നിലയില്‍ അബോധാവസ്ഥയിലായിരുന്നു.
ഇയാളെ മുളവടി കൊണ്ട് അടിക്കുകയും ആളുകള്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ യുവാവ് പിന്നാലെ മരിച്ചു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീരേന്ദ്ര സിദാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരാണ് പ്രധാന പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി.
പുലര്‍ച്ചെ രണ്ടു മണിക്ക് ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് വീടിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ ബുട്ടിവിനെ കണ്ടതെന്ന് വീരേന്ദ്ര സിദാര്‍ പൊലീസിനോട് പറഞ്ഞു. വീട്ടിലിരുന്ന ഒരു ചാക്ക് അരി മോഷ്ടിക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശം. ഉടന്‍ തന്നെ അയല്‍വാസികളായ അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരെ വിവരം അറിയിച്ചു. തുടര്‍ന്ന് യുവാവിനെ മരത്തില്‍ കെട്ടിയിടുകയായിരുന്നുവെന്നാണ് സിദാര്‍ പൊലീസിനോട് പറഞ്ഞത്.
സംഭവത്തില്‍ ഭാരതീയ ന്യായസംഹിത സെക്ഷന്‍ 103 (1) വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ആള്‍ക്കൂട്ട മര്‍ദ്ദനം, ദലിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി പ്രതികള്‍ക്കെതിരെ ചുമത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക