കോയമ്പത്തൂർ: ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതു വരെ ചെരിപ്പിടില്ലെന്ന ശപഥവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ ചെരിപ്പ് ഊരിമാറ്റി. നാളെ മുതൽ 48 മണിക്കൂർ വ്രതമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അണ്ണാ സർവകലാശാല ക്യാമ്പസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഡിഎംകെയുടെ സജീവ പ്രവർത്തകനെന്ന് അണ്ണാമലൈ ആരോപിച്ചു. അറസ്റ്റിലായ പ്രതി ജ്ഞാനശേഖർ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലെ എക്സിൽ കുറിച്ചു. ‘ഷെയിം ഓൺ യു സ്റ്റാലിൻ’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി തൻ്റെ വീടിന് മുന്നിൽ ആറ് തവണ ചാട്ടവാറടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ ഡിഎംകെ സർക്കാരിനെയും സംസ്ഥാന പൊലീസിനെയും രൂക്ഷമായി വിമർശിച്ചു.
ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. സംഭവത്തിൽ കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക