manmohan singh
മന്‍മോഹന്‍ സിങ്ഫയൽ/എപി

'ചരിത്രം എന്നോട് ദയ കാണിക്കും'; മൗനിബാബ കളിയാക്കലുകളില്‍ വികാരാധീനനായി മന്‍മോഹന്‍ സിങ്, പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനം

കഴിഞ്ഞ ദശകത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ട മന്‍മോഹന്‍ സിങ്ങിന്റെ ഒരു പരാമര്‍ശമായിരുന്നു ഇത്
Published on

ന്യൂഡല്‍ഹി: 'സമകാലിക മാധ്യമങ്ങളെക്കാളും പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളേക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു'-2014 ജനുവരി 3 ന് പ്രധാനമന്ത്രി എന്ന നിലയില്‍ നടത്തിയ അവസാന വാര്‍ത്താസമ്മേളനത്തിലെ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകളാണിവ. കഴിഞ്ഞ ദശകത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ട മന്‍മോഹന്‍ സിങ്ങിന്റെ ഒരു പരാമര്‍ശമായിരുന്നു ഇത്. മൗനിബാബ എന്ന കളിയാക്കലുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്‍മോഹന്‍ സിങ്.

'കാബിനറ്റ് ഗവണ്‍മെന്റ് സംവിധാനത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ല. ഒരു സഖ്യ രാഷ്ട്രീയത്തിന്റെ സാഹചര്യങ്ങളും നിര്‍ബന്ധങ്ങളും കണക്കിലെടുക്കുമ്പോള്‍, എനിക്ക് ചെയ്യാന്‍ കഴിയുന്നത്ര മികച്ച രീതിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു,' -അദ്ദേഹം അന്ന് പറഞ്ഞു.

ആ സമയത്ത്, യുപിഎ രണ്ടാം സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ വലയുകയായിരുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്താനും പ്രധാന കാരണം അഴിമതിയാണെന്ന് അന്നേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

92 കാരനായ മുന്‍ പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് അന്തരിച്ചത്. കുറച്ചുനാളായി അദ്ദേഹം അസുഖബാധിതനായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡോ. മന്‍മോഹന്‍ സിങ് ചികിത്സയിലായിരുന്നുവെന്ന് എയിംസ് പ്രസ്താവനയില്‍ പറഞ്ഞു. വീട്ടില്‍ വെച്ച് അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. ഉടന്‍ എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായിരുന്നു. ധനമന്ത്രിയെന്ന നിലയില്‍ പി വി നരസിംഹറാവു സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com